ഒരു കുടുംബത്തില്‍ മരണമടഞ്ഞത് രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍, ഇതില്‍ മൂന്ന് പേരുടെ മരണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍, കുട്ടികളുടെ അമ്മ സൗമ്യ കസ്റ്റഡിയില്‍


കണ്ണൂര്‍ പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ദുരൂഹമരണം കൊലപാതകമാണെന്ന് സൂചന. മരണം നടന്ന പടന്നക്കരയിലെ വീട്ടില്‍ അവശേഷിക്കുന്ന അംഗമായ സൗമ്യയെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണമടഞ്ഞവരുടെ ശരീരത്തില്‍ നിന്നും എലിവിഷത്തിന്റയും അലൂമിനിയം ഫോസ്‌ഫേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തി.

2012 സെപ്റ്റംബര്‍ ഒന്‍പതിന് ഒരു വയസ്സുകാരിയായ കീര്‍ത്തന, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരി 21 ന് ഒന്‍പത്‌വയസുകാരി ഐശ്വര്യ, മാര്‍ച്ച് ഏഴിന് വീട്ടമ്മയായ 68 കാരി കമല, ഏപ്രില്‍ 13 ന് കമലയുടെ ഭര്‍ത്താവ് 78 വയസ്സുള്ള കുഞ്ഞിക്കണ്ണന്‍. എല്ലാവരും മരിച്ചത് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിന് പിന്നാലെ. ഇനി ഈ വീട്ടില്‍ ബാക്കിയുളളത് കഴിഞ്ഞ ദിവസം മരണമടഞ്ഞ വൃദ്ധ ദമ്പതികളുടെ മകളും അതിന് മുമ്പ് മരണമടഞ്ഞ രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ സൗമ്യ മാത്രം.

അവരും വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലായിരുന്നു. അതിനിടെ ഒന്നിന് പിറകെ ഒന്നായുള്ള മരണത്തില്‍ ദുരൂഹത പടര്‍ന്നതോടെ അന്വേഷണം ആരംഭിച്ചു. കിണര്‍ വെള്ളത്തിലെ വിഷാംശവും അണുബാധയുമായിരുന്നു സംശയം. എന്നാല്‍ പരിശോധനയില്‍ ഇതിലൊന്നും അസ്വാഭാവികത ഇല്ലെന്ന് വ്യക്തമായി. അതിന് പിന്നാലെയാണ് ഈ വര്‍ഷം ആദ്യം മരണമടഞ്ഞ ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ നിന്നും എലിവിഷത്തിന്റെയും അലുമിനിയം ഫോസ്‌ഫേറ്റിന്റേയും അംശം കണ്ടെത്തിയതോടെ മറ്റ് രണ്ട് പേരുടേയും മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തി. ഇതിലും നേരത്തെ കണ്ടെത്തിയ അതേ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹതയേറി. ഇതോടെയാണ് ആശുപത്രിയില്‍ കഴിയുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഒപ്പം ഇവരുടെ ചില സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അമോണിയം ഫോസ്‌ഫൈഡ് വളരെ കുറഞ്ഞ അളവില്‍ പോലും ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദിയും ശ്വാസതടസവും ഉണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറയുന്നതിനും ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം നടന്നത്. സൗമ്യയുടെ പല നിലപാടുകളും തുടക്കം മുതല്‍ തന്നെ നാട്ടുകാരില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top