കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നാലുലക്ഷം ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കടല്‍ക്ഷോഭം മൂലമുള്ള കെടുതികള്‍ക്കുള്ള കേന്ദ്രധനസഹായം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കടലാക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 50,000 രൂപ വീതം നല്‍കും. ചെറിയ കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 25,000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നാമമാത്രമായ ധനസഹായം മാത്രമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ത്തീരങ്ങളില്‍ നിന്ന് 50 മീറ്റര്‍ ദൂരം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കും. ഇവിടെ വീട് വയ്ക്കാന്‍ അനുവദിക്കില്ല. കടല്‍ത്തീരത്ത് നിന്ന സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടല്‍ത്തീരത്ത് നിന്ന് സുരക്ഷതമായി മാറിത്താമസിക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ആറ് ലക്ഷം രൂപ വസ്തു വാങ്ങുന്നതിനും നാല് ലക്ഷം വീട് വയ്ക്കുന്നതിനുമാണ് അനുവദിക്കുന്നത്.

മത്സ്യത്തൊഴിലാളികളെ മാറ്റിത്താമസിപ്പിക്കുന്നതിനായി മുട്ടത്തറയില്‍ 192 ഉം കാരോട് 102 ഉം വീടുകള്‍ തയ്യാറാക്കുന്നുണ്ട്. 200 ലധികം പേര്‍ക്ക് അഞ്ചുതെങ്ങ് ഭാഗത്ത് 10 ലക്ഷം രൂപ നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

DONT MISS
Top