സിപിഐഎമ്മിന്റെ ഔദ്യോഗിക ലൈന്‍ പാര്‍ട്ടിക്കുളളിലെ കോണ്‍ഗ്രസ്സ് ലോബി അട്ടിമറിച്ചെന്ന് കുമ്മനം

കുമ്മനം രാജശേഖരന്‍

കൊച്ചി: സിപിഐഎമ്മിന്റെ ഔദ്യോഗിക ലൈന്‍ പാര്‍ട്ടിക്കുളളിലെ കോണ്‍ഗ്രസ്സ് ലോബി അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ചട്ടപ്പടി ചേരുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടുളള സമീപനം മാത്രം ചര്‍ച്ച ചെയ്യുന്നതിനുളള വേദിയായി ചുരുങ്ങുന്നത് ആ പാര്‍ട്ടി നേരിടുന്ന ആശയദാരിദ്രമാണ് വ്യക്തമാക്കുന്നതെന്നും, കേരളത്തിലെ സിപിഐഎമ്മിനെ കാത്തിരിക്കുന്നത് ബംഗാളിലെ ദുരനുഭവം തന്നെയാണെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

സിപിഐഎമ്മിന്റെ ഔദ്യോഗിക ലൈന്‍ പാര്‍ട്ടിക്കുളളിലെ കോണ്‍ഗ്രസ്സ് ലോബി അട്ടിമറിച്ചു. കോണ്‍ഗ്രസ്സുമായി ഒരു നീക്ക് പോക്കും പാടില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും പല പ്രാവശ്യം ചേര്‍ന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ച രാഷ്ട്രീയ ലൈന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആസൂത്രിതമായി അട്ടിമറിച്ചതിന് പിന്നില്‍ ആ പാര്‍ട്ടിക്കുളളിലെ കോണ്‍ഗ്രസ്സ് ലോബിയുടെ വിജയമാണ് പ്രത്യക്ഷീക്കരിക്കുന്നത്.

1964ല്‍ സിപിഐഎം പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടി നടപ്പാക്കുന്നതിന്റെ പ്രായോഗിക വശങ്ങള്‍ അന്വേഷിക്കുന്നതിനോ പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ശോഷണത്തെ കുറിച്ച് സ്വയം വിമര്‍ശനം നടത്തുന്നതിനോ പാര്‍ട്ടി കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ചട്ടപ്പടി ചേരുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടുളള സമീപനം മാത്രം ചര്‍ച്ച ചെയ്യുന്നതിനുളള വേദിയായി ചുരുങ്ങുന്നത് ആ പാര്‍ട്ടി നേരിടുന്ന ആശയ ദാരിദ്രമാണ് വ്യക്തമാക്കുന്നത്.

ഒരു രാഷ്ട്രീയ പ്രമേയം സുതാര്യമായിരിക്കണമെന്നിരിക്കെ, ഹൈദരാബാദ് കോണ്‍ഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ ദുരൂഹതയും ന്യൂനപക്ഷം ഭൂരിപക്ഷത്തിന് വിധേയമായിരിക്കണമെന്ന ജനാധിപത്യകേന്ദ്രീകരണത്തിന്റെ ലെനിനിസ്റ്റ് തത്വം അട്ടിമറിച്ച തീരുമാനവും വരും കാലങ്ങളില്‍ കോണ്‍ഗ്രസ്സ് ബന്ധത്തെക്കുറിച്ചുളള വന്‍ വിവാദങ്ങള്‍ക്കും ഗ്രൂപ്പ് പോരിനും സിപിഐഎമ്മിനുളളില്‍ ഇടംപിടിക്കും. രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കില്ലെന്ന വ്യവസ്ഥ ഒഴിവാക്കുക വഴി സിപിഐഎമ്മും സിപിഐയും ഒരേ രാഷ്ട്രീയ ലൈനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒരേ രാഷ്ട്രീയ ലൈനില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലപ്രവര്‍ത്തിക്കുന്നതിന്റെ യൂക്തി എന്തെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും നേതൃത്വങ്ങള്‍ തയ്യാറാകണം.

ബംഗാളിലെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ സിപിഐഎം ഇനിയും തയ്യാറായിട്ടില്ല. മുപ്പത്തിനാല് വര്‍ഷം ബംഗാള്‍ ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സുമായി അവിശുദ്ധബന്ധം പുലര്‍ത്തിപോന്നിരുന്നു. സോമന്‍മിത്ര പ്രസിഡന്റായ ബംഗാളിലെ കോണ്‍ഗ്രസ്സ് സിപിഐഎമ്മിന്റെ ‘ബി’ ടീമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. എന്നാല്‍ മമതാ ബാനര്‍ജിയുടെ ആരോപണം ചെവി കൊളളാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയഗാന്ധി വിസമ്മതിച്ചു. കോണ്‍ഗ്രസ് വിട്ട് മമതാ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചത് ഒരേ സമയം കോണ്‍ഗ്രസ്സിനും സിപിഐഎമ്മിനും വന്‍ തിരിച്ചടിയായി. ജ്യോതിബാസുവിനുളള പ്രധാനമന്ത്രി വാഗ്ദാനവും ബംഗാളിലെ കോണ്‍ഗ്രസ്സ് സിപിഐഎം തെരഞ്ഞെടുപ്പ് സഖ്യവും സീതാറാം യെച്ചൂരിക്ക് വാഗ്ദാനം ചെയ്ത രാജ്യസഭ സാമാജികത്വവും മമതാ ബാനര്‍ജിയുടെ ആരോപണത്തെ സാധൂകരിച്ചു. ദേശീയതലത്തില്‍ രൂപം കൊളളുന്ന സിപിഐഎം-കോണ്‍ഗ്രസ്സ് സഖ്യവും കേരളത്തിലെ സിപിഐഎമ്മിനെ കാത്തിരിക്കുന്നത് ബംഗാളിലെ ദുരനുഭവം തന്നെ, കുമ്മനം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top