അറുപത് കഴിഞ്ഞവരുടെ പൊളിറ്റ് ബ്യൂറോ

ഹൈദരാബാദ് വിമാനത്താവളത്തിലെ പുസ്തകശാലയിൽ ഇന്നലെ ഒരു പുസ്തകം ഡിസ്‌ക്കൗണ്ട് വിലയ്ക്ക് വിൽക്കാനായി ഡിസ്‌പ്ലൈ ചെയ്തിരിക്കുന്നത് കണ്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എഴുതിയ പൊളിറ്റിക്കൽ മെമ്മോറിയർ “റവല്യൂഷൻ” ന്റെ ഇംഗ്ലീഷ് തർജമയായിരുന്നു 50 ശതമാനം വില കുറച്ച് വിൽക്കാൻ വച്ചിരുന്ന ആ പുസ്തകം.

മുപ്പത്തിഒൻപതാമത്തെ വയസ്സിൽ ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിണ്ടന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇമ്മാനുവൽ മാക്രോൺ. 2016 ൽ മാക്രോൺ രൂപീകരിച്ച, എൻ മാർഷെ എന്ന രാഷ്ട്രീയ പാർട്ടി 2017 ൽ ഫ്രാൻ‌സിൽ അധികാരത്തിലെത്തി. എൻ മാർഷെയുടെ മലയാള തർജമ മുന്നോട്ട് എന്നാണ്.

എഴുതാൻ പോകുന്നത് നാല്‍പതുകാരനായ ഇമ്മാനുവൽ മാക്രോണിനെ  കുറിച്ചല്ല. രൂപീകൃതമായി ഒരു വർഷത്തിനുള്ളിൽ അധികാരത്തിലെത്തിയ എൻ മാർഷെയെ കുറിച്ചും അല്ല. സിപിഐഎമ്മിനെ  കുറിച്ചാണ്. സിപിഐഎം പൊളിറ്റ് ബ്യൂറോയെ കുറിച്ചാണ്.

സിപിഐഎമ്മിന്റെ പുതിയകേന്ദ്രകമ്മറ്റി തെരെഞ്ഞെടുത്ത പുതിയ പൊളിറ്റ് ബ്യൂറോയിൽ 60 വയസ്സിന് താഴെ പ്രായമുള്ള ഒരാളും ഇല്ല. പുതുതായി പൊളിറ്റ് ബ്യൂറോയിൽ എത്തിയ നീലോത്പൽ ബസുവിന് പ്രായം 62.  മറ്റൊരു പുതുമുഖം തപൻ സെൻ ആകട്ടെ 67 വയസ്സുകാരനും. എംഎ ബേബിയും, കോടിയേരി ബാലകൃഷ്ണനുമൊക്കം 60 കഴിഞ്ഞവർ. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും പ്രായം കൂടിയ അംഗം എസ് രാമചന്ദ്രൻ പിള്ളയാകട്ടെ ഫെബ്രുവരി 7 ന് 80ാം പിറന്നാൾ ആഘോഷിച്ച നേതാവും. ചുരുക്കി പറഞ്ഞാൽ പിബി യുടെ ശരാശരി പ്രായം 71.

ഇനി അൽപ്പം ചരിത്രം. 1992 ൽ ചെന്നൈയിൽ നടന്ന പതിനാലാമത് പാർട്ടി കോൺഗ്രസ്സിൽലാണ് സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രൻ പിള്ളയും പൊളിറ്റ് ബ്യുറോയിൽ എത്തുന്നത്. സീതാറാം യെച്ചൂരിക്ക് അന്ന് പ്രായം നാല്പത് വയസ്സ്. പ്രകാശ് കാരാട്ടിന് 44 വയസ്സ്. എസ് രാമചന്ദ്രൻ പിള്ളയ്ക്ക് 54 വയസ്സ്. ഇഎംഎസ് ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞതും, സുർജിത്ത് ആ സ്ഥാനത്ത് വന്നതും ചെന്നൈ പാർട്ടി കോൺഗ്രസ്സിലായിരുന്നു.

1992 ൽ ഇഎംഎസ് നമ്പൂതിരിപ്പാടും, ബിടി രണദിബയും എം ബസവപുന്നയ്യയും, സുർജിത്തും, ജ്യോതി ബസുവും, ഒക്കെ ചേർന്ന് നടത്തിയ ആ പരീക്ഷണം, എന്തുകൊണ്ടാകും സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രൻ പിള്ളയും, വൃന്ദ കാരാട്ടുമൊക്കെ ഇപ്പോൾ നടപ്പിലാക്കാത്തത് ? പൊളിറ്റ് ബ്യുറോയിൽ പരിഗണിക്കാൻ പ്രത്യയശാസ്ത്ര വ്യക്തതയും, പ്രായോഗിക പരിജ്ഞാനവും, മുന്നേറ്റങ്ങൾ സംഘടിപ്പിച്ചുള്ള അനുഭവ പരിജ്ഞാനവുമുള്ള നാലോ അഞ്ചോ ചെറുപ്പക്കാർ സിപിഐഎമ്മിലുണ്ട്.

ജനത്തിന് സ്വീകാര്യമായ മുന്നേറ്റങ്ങൾ സംഘടിപ്പിക്കണം എങ്കില്‍ പോലും താരതമേന്യ പുതുമയുള്ള ആശയങ്ങളും, സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകളുമൊക്കെ വിനിയോഗിക്കേണ്ടതാണ്. മഹാരാഷ്ട്രയിലെ ലോങ്ങ് മാർച്ച് ഇതിന് ഉദാഹരണം. മുഖ്യധാര മാധ്യമങ്ങൾ ആദ്യ ദിവസങ്ങളിൽ ഒഴിവാക്കിയ ലോങ്ങ് മാർച്ചിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെയാണ് ജനങ്ങളിൽ ആദ്യം എത്തിയത്. പിന്നീട് മറ്റ് സാധ്യതകൾ ഇല്ലാതെ മുഖ്യധാര മാധ്യമങ്ങൾ ആ വാർത്ത ഏറ്റെടുക്കുകയായിരുന്നു. ഈ അഭിപ്രായം 22 ആം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത പല പ്രതിനിധികളും പങ്കുവെയ്ക്കുന്നുണ്ടായിരുന്നു.

സിപിഐഎം പൊളിറ്റ് ബ്യുറോയിൽ ഇന്ന് ട്വിറ്ററിൽ സജീവം സീതാറാം യെച്ചൂരി മാത്രമാണ്. യെച്ചൂരി തന്നെ വൈകിയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ട്വിറ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ മധ്യ വർഗ്ഗ സമൂഹത്തിലും വലിയ സ്വാധീനമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് യുവാക്കൾ നേതൃത്വത്തിൽ എത്തേണ്ടതിന്റെ പ്രസക്തി. യെച്ചൂരി നേതൃത്വം നൽകുന്ന പൊളിറ്റ് ബ്യൂറോയിൽ കൂടുതൽ യുവ പ്രാതിനിധ്യം ഉണ്ടാകേണ്ടതായിരുന്നു. പുതിയ തലമുറയുമായി ആശയവിനിമയം നടത്താൻ പഴയ തലമുറയേക്കാളും, ചെറുപ്പക്കാർക്കാകും കൂടുതൽ സാധിക്കുക. “ജനറേഷൻ ഗ്യാപ്പൊക്കെ വർത്തമാന കാല രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

ഇമ്മാനുവൽ മാക്രോണിനെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് തുടങ്ങിയത്. മാക്രോൺ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തോട് വിയോജിക്കാം. പക്ഷേ മാക്രോണിൽ നിന്ന് ഇന്ത്യൻ ഇടത് പക്ഷത്തിന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഫ്രാൻസിലെ ഇടത് വലത് പാർട്ടികളെ പിന്നിലാക്കി, രൂപീകരിച്ച് ഒരു വർഷത്തിനുള്ളില്‍തന്നെ എൻ മാർഷെ അധികാരത്തിൽ എത്തിച്ച് 39ാമത്തെ വയസ്സിൽ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയെ കുറിച്ച്.

DONT MISS
Top