കൊല്ലം പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍; കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ്

കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അമ്മ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പുത്തൂര്‍ സ്വദേശി അമ്പിളി ആണ് പിടിയിലായത്.

പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ കുഞ്ഞിന്റെ ശരീരാവയവങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ കാലിന്റെയും കൈവിരലുകളുടെയും ഭാഗങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ പ്രസവശേഷം ജീവനോടെ ഉപേക്ഷിച്ചതാണോ അതോ മരണശേഷം മൃതദേഹം ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്ത സാഹചര്യത്തില്‍ സമീപപ്രദേശത്ത് ആരെങ്കിലും ഗര്‍ഭിണികളായിരുന്നുവോ എന്നും ആരുടെയെങ്കിലും കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടോ എന്നതുമൊക്കെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുത്തൂര്‍ സ്വദേശി അമ്പിളി പൊലീസ് പിടിയിലായത്. ജനിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top