ഹിന്ദുത്വ ഭീകരവാദവും നവ ഉദാരവത്കരണ നയവുമാണ് ബിജെപിയുടെ മുഖ്യ അജണ്ട, ഇതിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ല, സിപിഐഎം ആ പോരാട്ടം ഏറ്റെടുക്കുന്നു: പിണറായി

പിണറായി വിജയന്‍

കൊച്ചി; ഹിന്ദുത്വ ഭീകരവാദവും നവ ഉദാരവത്കരണ നയവും മുഖ്യ അജണ്ടയായി സ്വീകരിക്കുന്ന ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ലെന്നും സിപിഐഎം ആ പോരാട്ടം ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാന്‍ സിപിഐഎം മുന്നിലുണ്ടാകുമെന്ന് പറഞ്ഞ പിണറായി 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ തെലങ്കാനയുടെ മണ്ണില്‍ ഈ കാര്യങ്ങളാണ് സംസാരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

വര്‍ഗീയ-പിന്തിരിപ്പന്‍ ശക്തികള്‍ സിപിഐഎമ്മിനെതിരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. മത നിരപേക്ഷതയും ജനാധിപത്യവും പൗരാവകാശങ്ങളും നിലനിര്‍ത്താന്‍ രാജ്യത്തിന് ഏക പ്രതീക്ഷയാകുന്നത് സിപിഐഎമ്മാണെന്നതാണ് ഇതിനുകാരണം. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ അതേ സാമ്പത്തിക നയമാണ് എന്‍ഡിഎ സര്‍ക്കാരും നടപ്പാക്കുന്നത്. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരാടാന്‍ സിപിഐഎം മുന്നിലുണ്ടാകും. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ തെലങ്കാനയുടെ മണ്ണില്‍ ഈ കാര്യങ്ങളാണ് സംസാരിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതായിരിക്കുന്നു. ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് നടുവിലാണ് നാമിന്ന് ജീവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ മൂലം രാജ്യത്തെ സമ്പത്ത് കുറച്ചുപേരുടെ കൈകളിലേയ്ക്ക് മാത്രം എത്തിച്ചേരുന്നു.

പശുവിന്റെ പേരില്‍ അതിക്രമങ്ങള്‍ അരങ്ങേറുന്നു. കുട്ടികളെ പോലും സംഘപരിവാര്‍ വെറുതെ വിടുന്നില്ല. ദളിതര്‍ക്കെതിരായ അക്രമം ദിനം തോറും വര്‍ധിക്കുകയാണ്. ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന നവരാത്രി ആഘോഷം കണ്ടുനിന്ന ദളിതനെ ഗുജറാത്തില്‍ മര്‍ദ്ദിച്ചു കൊല്ലുകയുണ്ടായി. ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഐഎമ്മുമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ചത്. ഹിന്ദുത്വ ഭീകരവാദവും നവ ഉദാരവത്കരണ നയവുമാണ് ബിജെപിയുടെ രണ്ട് മുഖ്യ അജണ്ട. ഇതിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ല. അവര്‍ മൃദു സമീപനത്തിലാണ്. സിപിഐഎം ആ പോരാട്ടം ഏറ്റെടുക്കുന്നു, പിണറായി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top