കെ രാധാകൃഷ്ണന്‍: സൗമ്യന്‍, സമ്മതന്‍


തൃശൂര്‍: സിപിഐഎം കേന്ദ്ര കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ ഏറെ സമ്മതരായ നേതാക്കളില്‍ ഒരാളാണ്. നിലവില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ രാധാകൃഷ്ണന്‍ കൃത്യം രണ്ടുവര്‍ഷം മുമ്പാണ് എസി മൊയ്തീന് പകരക്കാരനായി ജില്ലാ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.

അഖിലേന്ത്യ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പ്രസിഡന്റായ രാധാകൃഷ്ണന്‍, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുകൂടിയാണ്. ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു), സംസ്ഥാന പ്രസിഡന്റ്, കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിക്കുന്നു. നിരവധി അവകാശ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുളള ഇദ്ദേഹം നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമാണ്.

എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തുവന്ന രാധാകൃഷ്ണന്‍ തോന്നൂര്‍ക്കര യുപി സ്‌കൂള്‍, ചേലക്കര എസ്എംടിഎച്ച്എസ് എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനം പൂര്‍ത്തയാക്കി. തുടര്‍ന്ന് തൃശൂര്‍ കേരളവര്‍മ കോളെജില്‍നിന്ന് ബിഎ ബിരുദം നേടിയതിന് ശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

സിപിഐഎം ലേചക്കര ഏരിയ കമ്മിറ്റി അംഗം, ജില്ല കമ്മിറ്റി അംഗം എന്ന നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 1996ല്‍ നായനാര്‍ മന്ത്രിസഭയിലെ അംഗമായിരുന്നു. നാല് തവണ ചേലക്കര നിയമസഭാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 2006-2011 കാലഘട്ടത്തില്‍ നിയമസഭാ സ്പീക്കറായും അതിന് മുമ്പ് പ്രതിപക്ഷ ചീഫ് വിപ്പായും ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top