എംവി ഗോവിന്ദന്‍: പാര്‍ട്ടിയുടെ കരുത്തുറ്റ പോരാളി

കണ്ണൂര്‍: സിപിഐഎമ്മിന്റെ സമുന്നത സമിതിയായ കേന്ദ്രകമ്മറ്റിയിലേക്ക് എത്തുന്ന സര്‍വസമ്മതനാണ് എംവി ഗോവിന്ദന്‍. കേരളത്തിലെ അറിയപ്പെടുന്ന വാഗ്മിയും സൈദ്ധാന്തികനുമാണ് ഇദ്ദേഹം. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ അധ്യാപകനായിരുന്ന എംവി ഗോവിന്ദന്‍ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു.

1970ല്‍ സിപിഐഎം അംഗമായ എംവി ഗോവിന്ദന്‍ പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളാണ്. ഡിവൈഎഫ്‌ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു എംവി ഗോവിന്ദന്‍. ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റാണ്. പിന്നീട് ഡിവൈഎഫ്‌ഐ സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി. 1986ലെ മോസ്‌കോ യുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും കടുത്ത പൊലീസ് മര്‍ദനത്തിനിരയാവുകയും ചെയ്തിട്ടുണ്ട് എംവി ഗോവിന്ദന്‍ മാസ്റ്റര്‍. 1991ല്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗമായി. 2006ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂരും എറണാകുളത്തും ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാണ്. സിപിഐഎം ജില്ലാ കമ്മറ്റിയംഗവും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പികെ ശ്യാമള ഭാര്യയും ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കളുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top