ഇന്‍ഡോറില്‍ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ ജനക്കൂട്ടം ആക്രമിച്ചു

പ്രതി നവീന്‍ ഗാഡ്ജ

ഇന്‍ഡോറില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് നേരെ ജനരോഷം. പ്രതിയായ നവീന്‍ ഗാഡ്ജയെ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോള്‍ കൂടിനിന്ന ജനക്കൂട്ടം ആക്രമിച്ചു.

പ്രതിയെ കണ്ടതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. ഇയാളെ ജീപ്പില്‍നിന്ന് ഇറക്കിയതോടെ കൂടിനിന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ ചെരുപ്പുകള്‍ ഉപയോഗിച്ചാണ് ഇയാളെ അടിച്ചത്. ആക്രമണത്തില്‍ പ്രതിക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് പരിഹാര്‍ അറിയിച്ചു.

ഇന്‍ഡോറില്‍ രാജ് വാഡ കോട്ടയ്ക്ക് സമീപം ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം തെരുവോരത്ത് ഉറങ്ങിക്കിടന്ന കുഞ്ഞാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്. ബന്ധുവായ നവീന്‍ ഗാഡ്‌ജെയാണ് കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ മൃതദേഹം റാണി അഹല്യഭായിയുടെ പ്രതിമയ്ക്ക് സമീപമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും കുറ്റവാളി ആരാണെന്ന് കണ്ടെത്താന്‍ ആദ്യം പൊലീസിന് സാധിച്ചിരുന്നില്ല. പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിനെ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നത് വ്യക്തമായത്.

സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിലാണ് യുവാവിന്റെ ചിത്രങ്ങള്‍ പതിഞ്ഞത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്കരികില്‍ നിന്ന് ദൂരേയ്ക്ക് കൊണ്ടുപോയ ശേഷമാണ് ബന്ധുകൂടിയായ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. രാത്രി സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഉണ്ടായിരുന്നിട്ടും ഇവരുടെ മുന്‍പിലൂടെ സൈക്കിളില്‍ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത പ്രതി സംശയിക്കപ്പെടാതിരുന്നതാണ് ക്രൂരമായി കൊലപാതകത്തിന് കാരണമായത്.

നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞുശരീരം മുഴുവനും മുറിവുകളായിരുന്നു. തലയ്ക്കും സ്വകാര്യ ഭാഗത്തും ഗുരുതരമായ മുറിവുകളേറ്റിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

DONT MISS
Top