പോക്‌സോ നിയമ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പിട്ടു; ഇതോടെ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതിക്ക് അധികാരമായി

ദില്ലി: പോക്‌സോ നിയമ ഭേദഗതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കോടതിക്ക് അധികാരം ലഭിച്ചുകഴിഞ്ഞു.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ ഇന്നലെയാണ് അംഗീകാരം നല്‍കിയത്.

ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്‌സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് പിന്നീട് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുകയായിരുന്നു.

രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നാവ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുമെന്ന് കേന്ദ വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

കത്വ, ഉന്നാവ സംഭവങ്ങളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ കഴിഞ്ഞ പത്ത് ദിവസമായി നിരാഹാര സമരം നടത്തി വരികയായിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചതോടെയാണ് സ്വാതി മാലിവാള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചത്.

DONT MISS
Top