വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍: പിടിയിലായവരില്‍ സംഘപരിവാര്‍ ബന്ധം ഉള്ളവരും

മലപ്പുറം: കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാട്ട്‌സ്ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ അറസ്റ്റ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഹര്‍ത്താലിന്റെ പിതൃത്വം തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്ന് എസ്ഡിപിഐയും വെല്‍ഫെയര്‍പാര്‍ട്ടിയും പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. ബാക്ക് നാലുപേര്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ്. ഇവരില്‍ ചിലര്‍ക്ക് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് വിവരം. ഒരാള്‍ മുന്‍പ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ മലപ്പുറം സ്വദേശിയായ പതിനാറുകാരനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസുകാരനായ കുട്ടി പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത്. പ്രാദേശിക തലത്തില്‍ നൂറുകണക്കിന് സബ്ഗ്രൂപ്പുകളും ഉണ്ടാക്കിയിരുന്നു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്ന് പരിശോധിച്ച് വരികയാണെന്ന് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഒരു സംഘം ആളുകള്‍ ഏപ്രില്‍ 16 നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top