കാഴ്ച ബംഗ്ലാവ് സന്ദര്‍ശിക്കാനെത്തിയ കുട്ടി വീണത് ഗൊറില്ലകള്‍ക്ക് മുന്‍പിലേക്ക്; ശ്വാസംപോലുമെടുക്കാതെ കുട്ടിയും നിലവിളിച്ച് കാഴ്ചക്കാരും (വീഡിയോ)

വലുപ്പംകൊണ്ട് ഭീമാകാരന്മാരാണ് ഗൊറില്ലകള്‍. വീഡിയോയില്‍ കാണുമ്പോള്‍ പോലും കുഞ്ഞുങ്ങള്‍ പേടിച്ചുപോകും. അങ്ങനെയുള്ള കുട്ടികളിലൊരാള്‍ ഗൊറില്ലകളുടെ മുന്‍പില്‍ പെട്ടുപോയൊലോ? അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇംഗ്ലണ്ടിലെ ഒരു കാഴ്ച ബംഗ്ലാവിലാണ് സംഭവം നടന്നത്. ഗൊറില്ലകളെ കാണാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടി അബദ്ധവശാല്‍ ഗൊറില്ലകളുടെ മുന്‍പിലേക്ക് വീണുപോവുകയായിരുന്നു. വീണതിന്റെ ആഘാതത്തിലാണോ അതോ ഭയംകൊണ്ട് മരവിച്ചുപോയതിനാലാണോ എന്നറിയില്ല ശ്വാസംപോലുമെടുക്കാതെ നിലത്ത് കിടക്കുകയായിരുന്നു കുട്ടി.

മൂന്ന് ഗൊറില്ലകളാണ് താഴെയുണ്ടായിരുന്നത്. വീണയുടന്‍ കുട്ടിയുടെ അരികിലേക്ക് ഓടിയെത്തിയ ഗൊറില്ലകളിലൊരാള്‍ കുട്ടിയെ അടിമുടി പരിശോധിക്കുകയാണ് ചെയ്തത്. പലപ്രാവശ്യം തൊട്ടുനോക്കുകയും ചെയ്തു. മറ്റ് രണ്ട് ഗൊറില്ലകളും സമീപത്ത് വന്നുനോക്കി. ഇതേസമയം ഗൊറില്ല കുട്ടിയെ ഉപദ്രവിച്ചേക്കുമെന്ന് ഭയന്ന് മുകളില്‍ ആളുകള്‍ ബഹളം വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ കുറച്ച് തൊട്ടുനോക്കിയ ശേഷം കുട്ടിക്ക് യാതൊരു അനക്കവുമില്ലെന്ന് കണ്ട് ഗൊറില്ല അല്‍പം മാറി ഇരിക്കുകയാണ് ചെയ്തത്. ഇടയ്ക്ക് തല ഉയര്‍ത്തി നോക്കിയ കുട്ടി ഗൊറില്ല തന്നെ നോക്കി അരികിലിരിക്കുന്നത് കണ്ട് വീണ്ടും കിടന്നു.

അപ്പോഴേക്കും മൃഗശാലാ ജീവനക്കാര്‍ താഴേക്കിറങ്ങിവന്നു. അവര്‍ ഇറങ്ങി വരുന്നതു കണ്ടപ്പോഴേയ്ക്കും ഗൊറില്ലകള്‍ സ്ഥലം വിടുകയും ചെയ്തു. പിന്നീട് റോപ് ഉപയോഗിച്ച് ഇവര്‍ കുട്ടിയെ മുകളിലെത്തിക്കുകയായിരുന്നു. എന്തായാലും മൃഗങ്ങള്‍ മനുഷ്യരോളം ക്രൂരരല്ല എന്നതിന് മറ്റൊരു സംഭവം കൂടി തെളിവായിരിക്കുകയാണ്.

DONT MISS
Top