കരിമണല്‍ ഖനനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കൊല്ലം ഐആര്‍ഇയുടെ നീക്കം; നാട്ടുകാര്‍ പ്രതിഷേധത്തില്‍

ജനങ്ങള്‍ പ്രതിഷേധിക്കുന്നു

കൊല്ലം: കരിമണല്‍ ഖനനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള കൊല്ലം ഐആര്‍ഇയുടെ നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നു. ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗം പ്രതിഷേധത്തെ തുടര്‍ന്ന് പലതവണ നിര്‍ത്തിവെച്ചു. പ്രദേശത്തെ മുഴുവന്‍ ഇല്ലാതാക്കി കൊണ്ടുള്ള ഖനനം അനുവദിക്കില്ലെന്ന് ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയും യോഗത്തില്‍ നിലപാടെടുത്തു.

ആലപ്പാട് മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയപ്പോള്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചും ഭൂമി ഏറ്റെടുത്തവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെയുമാണ് ഐആര്‍ഇ ഖനനം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഖനനത്തിന് ശേഷം ഭൂമി മണ്ണിട്ട് നികത്തി ഏറ്റെടുത്തപോലെ തിരികെ നല്‍കാം എന്ന വ്യവസ്ഥയും ഐആര്‍ഇ പാലിച്ചിട്ടില്ല. ഖനനം മൂലം കടല്‍ കയറി പഞ്ചായത്തിന്റെ വിസ്തീര്‍ണത്തില്‍ പോലും കുറവ് വന്നതും നാട്ടുകാര്‍ ചൂണ്ടി കാണിക്കുന്നു

ഖനനത്തിനായി ഭൂമി വിട്ട് നല്‍കിയവര്‍ കമ്പനിക്ക് അനുകൂലമായി നിലപാട് എടുത്തതോടെയാണ് കളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായത്. സ്ഥിരം മേല്‍നോട്ടസമിതിയുടെ നേതൃത്വത്തില്‍ ഐആര്‍ഇക്കെതിരായ സമീപവാസികളുടെ പരാതി പരിഹരിച്ച് ചട്ടലംഘനങ്ങള്‍ തിരുത്തി മാത്രമേ ഖനനം വ്യാപിപ്പിക്കാന്‍ പാടുള്ളുവെന്ന് നിയമസഭ പാരിസ്ഥിതികസമിതിയും സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു.

DONT MISS
Top