ഒടുവില്‍ ആഴ്‌സണലിനോട് വിടപറയാനൊരുങ്ങി വെങ്ങര്‍; പടിയിറങ്ങുന്നത് 22 വര്‍ഷത്തെ സേവനത്തിന് ശേഷം

ആഴ്‌സന്‍ വെങ്ങര്‍

ലണ്ടന്‍: ആഴ്‌സണലിന്റെ എക്കാലത്തെയും ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ ക്ലബ്ബ് വിടുന്നു. ആഴ്‌സണലിന്റെ ഔദ്യോഗിക പേജിലൂടെ വെങ്ങര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണ്‍ അവസാനിക്കുന്നതോടെ അദ്ദേഹം പരിശീലക സ്ഥാനമൊഴിയും. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് വെങ്ങര്‍ പടിയിറങ്ങുന്നത്.

ആഴ്‌സണലിന്റെ പടിയിറങ്ങാന്‍ അനുയോജ്യമായ സമയമിതാണെന്നായിരുന്നു വെങ്ങറിന്റെ പ്രതികരണം. ഓര്‍മയില്‍ സൂക്ഷിക്കാവുന്ന നിരവധി വര്‍ഷങ്ങള്‍ ക്ലബ്ബിനെ സേവിക്കാന്‍ കഴിഞ്ഞുവെന്നതില്‍ എനിക്കഭിമാനമുണ്ട്. തികഞ്ഞ പ്രതിബദ്ധതയോടെയും ആത്മസമര്‍പ്പണത്തോടെയുമാണ് ക്ലബ്ബിനെ താന്‍ പരിശീലിപ്പിച്ചത്. ആഴ്‌സണലിന്റെ ഓരോ സ്റ്റാഫിനോടും, കളിക്കാരോടും, ഡയറക്ടര്‍മാരോടും ക്ലബ്ബിനെ ഇത്രത്തോളം സ്‌പെഷ്യലാക്കി മാറ്റിയ ഓരോ ആരാധകരോടും ഞാന്‍ നന്ദി പറയുന്നു. ക്ലബ്ബിന്റെ ഉയര്‍ച്ചയ്ക്ക് പിറകില്‍ ആരാധകര്‍ എന്നും നിലകൊള്ളണമെന്നും വെങ്ങര്‍ ആവശ്യപ്പെട്ടു. എല്ലാ ആഴ്‌സണല്‍ പ്രേമികളും ക്ലബ്ബിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കണം. എന്റെ സ്‌നേഹവും പിന്തുണയും എല്ലായ്‌പ്പോഴും ഉണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1996 ല്‍ ആയിരുന്നു വെങ്ങര്‍ ആഴ്‌സണലിന്റെ പടി ചവിട്ടിയത്. നീണ്ട 22 വര്‍ഷങ്ങള്‍, 1998, 2002, 2004 വര്‍ഷങ്ങളില്‍ വെങ്ങറുടെ കീഴില്‍ ആഴ്‌സണല്‍ മൂന്ന് തവണ ലീഗ് കിരീടങ്ങളിലും ഏഴുതവണ എഫ്എ കപ്പിലും മുത്തമിട്ടു. 68-കാരനായ വെങ്ങര്‍ ഇനി മറ്റേതെങ്കിലും ക്ലബ്ബിന്റെ പരിശീലികനാകുമോ അതോ വിശ്രമ ജീവിതം തെരഞ്ഞെടുക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം ക്ലബ്ബിന് ഉടന്‍തന്നെ മറ്റൊരു പരിശീലകനെ കണ്ടെത്തുമെന്ന് ആഴ്‌സണല്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top