ദുര്‍ഗ്ഗാമാലതിയുടെ വീടാക്രമിച്ച സംഭവം: ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണങ്ങള്‍ സംഘപരിവാര്‍ കേരളത്തിലും ആരംഭിച്ചിരിക്കുന്നുവെന്ന് എംബി രാജേഷ്

എംബി രാജേഷ്

കൊച്ചി: ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണങ്ങള്‍ സംഘപരിവാര്‍ കേരളത്തിലും ആരംഭിച്ചിരിക്കുന്നുവെന്നാണ് ദുര്‍ഗ്ഗാമാലതിയുടെ വീടാക്രമിച്ച സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് എംബി രാജേഷ് എംപി. കത്വ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ്ഗാമാലതിയുടെ വീടിനു നേരെ ഇന്നലെ രാത്രിയോടയാണ് കല്ലേറുണ്ടായത്. തൃത്താല പറക്കുളത്തുള്ള വീടിന്റെ പല ഭാഗങ്ങളും മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ ചില്ലുകളും അക്രമിസംഘം തകര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സംഭവത്തില്‍ പ്രതികരണവുമായി എംബി രാജേഷ് രംഗത്തെത്തിയത്. ദുര്‍ഗ്ഗാമാലതിക്കെതിരായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണെന്ന് പറഞ്ഞ രാജേഷ്, ഒരു യുവചിത്രകാരിയെ അപമാനിച്ചും വധഭീഷണി മുഴക്കിയും വീടാക്രമിച്ചും നിശ്ശബ്ദയാക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

യുവചിത്രകാരി ദുര്‍ഗ്ഗാമാലതിയുടെ വീട് ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ആക്രമിക്കപ്പെട്ടു. വീടിന്റെ ജനല്‍ച്ചില്ലുകളും വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തല്ലിത്തകര്‍ത്തു. ദുര്‍ഗ്ഗാമാലതിക്കെതിരായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ്. കത്വാ ബലാത്സംഗത്തിനെതിരെ ഹൃദയസ്പര്‍ശിയായ തന്റെ ചിത്രത്തിലൂടെ ദുര്‍ഗ്ഗ രൂക്ഷമായി പ്രതികരിച്ചിരുന്നു. ചിത്രം സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. ദുര്‍ഗ്ഗയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് അവരെ അപമാനിതയാക്കാന്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സംഘടിതമായ ശ്രമം നടത്തിയതും നാം കണ്ടതാണ്. അതിനെതിരെ ദുര്‍ഗ്ഗ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ അര്‍ദ്ധരാത്രി നടന്ന വീടാക്രമണം. അപമാനിക്കാന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം വീടാക്രമണത്തെയും കാണാന്‍.

ദുര്‍ഗ്ഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും വരെ ഭീഷണി ഉയര്‍ന്നിരിക്കുന്നു. ഗൗരിലങ്കേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും സമാനമായ രീതിയില്‍ ഭീഷണികളുയര്‍ത്തിയിരുന്നു എന്നോര്‍ക്കണം. ഒരു യുവചിത്രകാരിയെ അപമാനിച്ചും വധഭീഷണി മുഴക്കിയും വീടാക്രമിച്ചും നിശ്ശബ്ദയാക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണങ്ങള്‍ സംഘപരിവാര്‍ കേരളത്തിലും ആരംഭിച്ചിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. ഇതിനെ അര്‍ഹിക്കുന്ന ജാഗ്രതയോടെ ചെറുക്കാന്‍ ജനാധിപത്യ ബോധമുള്ള എല്ലാവരും അണിനിരക്കണം. രണ്ട് കേസിലേയും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവണം. ദുര്‍ഗ്ഗാമാലതിക്ക് ഐക്യദാര്‍ഢ്യം, രാജേഷ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top