ഈസ്റ്റ് ബംഗാള്‍ മുട്ടുമടക്കി; പ്രഥമ സൂപ്പര്‍ കപ്പ് ബംഗലുരു എഫ്‌സിക്ക്


ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പ് നേടി ബംഗലുരു എഫ്‌സി ഐഎസ്എല്‍ ഫൈനല്‍ പരാജയത്തിന്റെ ദു:ഖം മായ്ച്ചു. കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളിനാണ് ബംഗലുരു തകര്‍ത്തുവിട്ടത്. രണ്ട് ഗോളുകളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നന്നായി കളിച്ചിട്ടുകൂടി ഈസ്റ്റ് ബംഗാളിന് മുട്ടുമടക്കേണ്ടിവന്നു.

സെമിയില്‍ കണ്ടതുപോലെ ബംഗലുരു ആദ്യം പിന്നിലായിരുന്നു. 28-ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഒരു കോര്‍ണര്‍ കിക്കില്‍നിന്ന് പിറവിയെടുത്ത അതിമനോഹര ഗോളായിരുന്നു അത്. ബംഗളുരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് കോര്‍ണര്‍ തടയാന്‍ സാധിച്ചെങ്കിലും പുറത്തേക്ക് പന്ത് തെറിച്ചതിനേത്തുടര്‍ന്നുണ്ടായ ഉഗ്രന്‍ ഷോട്ട് തടുത്തുനിര്‍ത്താനായില്ല. ഒന്നാന്തം ബൈസൈക്കിള്‍ ഷോട്ടിലൂടെ ലൈബീരിയന്‍ താരം അന്‍സുമാന പന്ത് വലയിലെത്തിച്ചു.

എന്നാല്‍ പത്തുമിനുട്ടുകള്‍ക്ക് ശേഷം ബംഗാളിനൊപ്പമെത്താന്‍ ബംഗളുരുവിന് സാധിച്ചു. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം രാഹുല്‍ ബെക്കെയാണ് ബംഗളുരുവിന് ഹെഡ്ഡര്‍ ഗോള്‍ സമ്മാനിച്ചത്. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത് പൊരുതിയ ബംഗളുരുവിന് സഹായകമെന്നോണം ബംഗാളിന്റെ ടീം 10 പേരായി ചുരുങ്ങി. സുഭാഷിശിന്റെ മുഖത്തിടിച്ച സമദ് മാലിക്കിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബംഗളുരുവിന്റെ സമ്പൂര്‍ണാധിപത്യമാണ് കണ്ടത്. ബംഗാള്‍ താരം ഗുര്‍വീന്ദറിന്റെ കയ്യില്‍ പന്ത് തട്ടിയതിനേത്തുടര്‍ന്ന് അനുവദിച്ച പെനാല്‍റ്റി കൃത്യമായി ഉപയോഗപ്പെടുത്താന്‍ ഛേത്രിക്ക് സാധിച്ചു. പിന്നീട് ഒരു ടിപ്പിക്കല്‍ മിക്കു ഗോള്‍ പിറന്നു. അതിമനോഹരമായിരുന്നു ഈ ഗോള്‍. ബംഗളുരു താരങ്ങള്‍ വളരെവേഗം സ്വന്തം ബോക്‌സില്‍നിന്ന് എതിര്‍ ബോക്‌സില്‍ എത്തിച്ച പന്ത് മിക്കു വച്ചുതാമസിപ്പിക്കാതെ ചാട്ടുളിപോലെയുതിര്‍ത്തു. എന്തുകൊണ്ട് ബംഗളുരു ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ക്ലബ്ബാകുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഈ ഗോള്‍.

പീന്നീട് ഛേത്രിയുടെ ഹെഡ്ഡര്‍ വീണ്ടും. ഇതിലും രാഹുല്‍ ബേക്കെയുടെ സംഭവാനയുണ്ടായിരുന്നു. ഇങ്ങനെ രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന് ഒരവസരവും നല്‍കാതെ അങ്ങേയറ്റം പൊഫഷണല്‍ രീതിയില്‍ സമ്മര്‍ദ്ദ സാഹചര്യം കൈകാര്യം ചെയ്യുകയായിരുന്നു ബംഗളുരു.

എടുത്തുപറയേണ്ട കാര്യം കളിയുടെ വേഗതയും കളിക്കാരുടെ ഫിറ്റ്‌നസുമായിരുന്നു. ഒന്നാം മിനുട്ടില്‍ എത്ര ഊര്‍ജ്ജസ്വലരായി കളിച്ചുവോ അത്രയും മികച്ചരീതിയിലാണ് അവസാന മിനുട്ടിലും ഇരു ടീമുകളിലേയും കളിക്കാര്‍ കളിച്ചത്. ഐഎസ്എല്‍ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ഫുട്‌ബോളിന്റെ സൗന്ദര്യം എല്ലാ രീതിയിലും കാണാന്‍ സാധിക്കുന്ന ഫുട്‌ബോളാണ് ഇരുടീമുകളിലേയും കളിക്കാര്‍ ചേര്‍ന്ന് കാഴ്ച്ചവച്ചത്. ഇതോടെ ബംഗളുരു എഫ്‌സിക്ക് തങ്ങളുടെ കിരീടത്തിലേക്ക് പുതിയൊരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കാനായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top