ഉന്നതരുമായി കിടക്ക പങ്കിടാതെ ഒരാളും റിപ്പോര്‍ട്ടറോ അവതാരകയോ ആവില്ല; പോസ്റ്റുമായി ബിജെപി നേതാവ്, വിവാദമായപ്പോള്‍ പോസ്റ്റ്‌ നീക്കം ചെയ്ത് തലയൂരി

ശിവ് ശേഖര്‍ വെങ്കട്ടരാമന്‍

ചെന്നൈ: വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തമിഴ്‌നാട് ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ അപമാനിയ്ക്കുന്ന പോസ്റ്റുമായി തമിഴ്‌നാട് ബിജെപി നേതാവ് രംഗത്ത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം
അപമാനിയ്ക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് നടനും ബിജെപി നേതാവുമായ ശിവ് ശേഖര്‍ വെങ്കട്ടരാമന്‍ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

ഉന്നതരുമായി കിടക്ക പങ്കിടാതെ ഒരാള്‍ക്കും റിപ്പോര്‍ട്ടറോ, മാധ്യമപ്രവര്‍ത്തകയോ ആകാനാകില്ലെന്നാണ് വെങ്കട്ടരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതിന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി ബിജെപി നേതാവ്രംഗത്തെത്തിയിരിക്കുന്നത്‌.

മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ കൈ ഫിനോയ്ല്‍ കൊണ്ട് കഴുകണമെന്നാണ് പോസ്റ്റില്‍ വെങ്കട്ടരാമന്‍ പറയുന്നത്. വിദ്യാഭ്യാസമില്ലാത്ത വിവേകമില്ലാത്ത വൃത്തികെട്ട ജീവികളാണ് ഇവര്‍. തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇത്തരക്കാര്‍ ധാരാളമുണ്ട്. സര്‍വകലാശാലകളേക്കാള്‍ ലൈംഗിക ചൂഷണം നടക്കുന്നത് മാധ്യമമേഖലയിലാണ്. ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നതെന്നും വെങ്കട്ടരാമന്‍ പോസ്റ്റില്‍ പറയുന്നു. കൂടാതെ ഗവര്‍ണറെയും പ്രധാനമന്ത്രിയെയും അപമാനിയ്ക്കുകയായിരുന്നു അവരുടെ ഉദ്ദേശമെന്നും കുറിപ്പില്‍ ആരോപിയ്ക്കുന്നുണ്ട്.

അതേസമയം പരാമര്‍ശം വിവാദമായതോടെ തന്റെ പേജില്‍ നിന്നും വെങ്കട്ടരാമന്‍ പോസ്റ്റ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുവാദമില്ലാതെ സ്പര്‍ശിച്ചത്. സംഭവം വിവാദമായതോടെ മാധ്യമപ്രവര്‍ത്തകയോട് ഗവര്‍ണര്‍ ക്ഷമാപണം നടത്തിയിരുന്നു. തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളില്‍ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവര്‍ണര്‍ ക്ഷമാപണം അഭ്യര്‍ത്ഥിച്ചെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top