സൊറാബുദ്ദീന്‍ കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

കൊല്ലപ്പെട്ട സൊറാബുദ്ദീനും ഭാര്യയും  (ഫയല്‍)

അഹമ്മദാബാദ്: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അമ്പതാമത്തെ സാക്ഷിയും കൂറുമാറി. സൊറാബുദ്ദീനെയും ഭാര്യയേയും സഹായിയെയും അവര്‍ യാത്ര ചെയ്തിരുന്ന ബസ്സില്‍ നിന്ന് തട്ടിക്കൊണ്ട് പോകുമ്പോള്‍ അതേ ബസിലുണ്ടായിരുന്ന യാത്രക്കാരിയാണ് കൂറുമാറിയത്. കേസില്‍  ഇവര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു.

2005 നവംബറിലാണ് സൊറാബുദ്ദീനെയും ഭാര്യയേയും മൂന്നു പേര്‍ ചേര്‍ന്ന് ബസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്നും ഒന്നും ഓര്‍ക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നും സഹ യാത്രക്കാരിയായ സ്ത്രീ മൊഴി നല്‍കി.സംഭവം നടക്കുമ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നാണ് കോടതിയില്‍ ഇപ്പോള്‍ അവര്‍ പറഞ്ഞത്.എന്നാല്‍ ഈ സ്ത്രീ നേരത്തെ ഗുജറാത്ത് രഹസ്യാന്വേഷണ വിഭാഗത്തിനും സിബിഐക്കും നല്‍കിയ മൊഴിയില്‍ മൂന്നു പേര്‍ ചേര്‍ന്ന് സൊറാബുദ്ദീനെയും മറ്റും വിളിച്ചിറക്കി കൊണ്ടുപോകുന്നത് കണ്ടെന്നും പിന്നീടവര്‍ ബസ്സില്‍ കയറിയിട്ടില്ലെന്നും പറഞ്ഞിരുന്നു.യാത്ര ചെയ്ത ബസ്സിന്റെ വിവരങ്ങളും തന്നോടൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നുവെന്നും ഈ സ്ത്രീ അന്ന് വെളിപ്പെടുത്തിയതാണ്.

ഇന്നലെ കോടതിയില്‍ അതെല്ലാം അവര്‍ നിഷേധിധിക്കുകയായിരുന്നു. ഈ കേസില്‍ അമ്പതാമത്തെ സാക്ഷിയാണ് ഇ തോടെ കൂറുമാറിയത്. ഹൈദരാബാദിലെ സിംഗ്ലിയില്‍ നിന്നു ബസ്സില്‍ കയറിയ സൊറാബുദ്ദീനെ അര്‍ദ്ധരാത്രിയോടെയാണ് തട്ടിക്കൊണ്ടു പോയത്.നവംബര്‍ ഇരുപതിയാറിനു സൊറാബുദ്ദീനെയും ഏതാനും ദിവസത്തിനുള്ളില്‍ ഭാര്യ കൌസര്‍ബിയെയും വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവര്‍ക്കുമൊപ്പം പൊലീസ് പിടികൂടിയ തുളസിറാം പ്രജാപതിയെ 2006 -ല്‍ ബാണസ്‌കന്ത ജില്ലയിലെ ഛാപ്രി ഗ്രാമത്തില്‍ മറ്റൊരു വ്യാജ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയെന്നും കേസുണ്ട്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ ഈ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഈ കേസിലെ വാദം കേട്ടുകൊണ്ടിരിക്കെയാണ് പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top