ജസ്റ്റിസ് ലോയയുടെ മരണം: പ്രത്യേക അന്വേഷണം അവശ്യമില്ലെന്ന് സുപ്രിംകോടതി; ഹര്‍ജിക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനം

ജസ്റ്റിസ് ലോയ, സുപ്രിംകോടതി

ദില്ലി: സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ തുടര്‍ അന്വേഷണം വേണമെന്ന് എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ജഡ്ജിയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടത്തുന്ന കാലയളവില്‍ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. ഇതേക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയുടെ തുടര്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.  കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയുമാണ് സുപ്രിം കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ രേഖകളെല്ലാം തങ്ങള്‍ പരിശോധിച്ചതാണന്നും മരണം സ്വാഭാവികമായി സംഭവിച്ചതാണന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹ നീക്കുകയല്ല ഹര്‍ജിക്കാരുടെ ലക്ഷ്യമെന്നും മറിച്ച് ജുഡീഷ്യറിയെ താറടിക്കുകയാണ് ഉദ്ദേശമെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് വൈബി ചന്ദ്രചൂഢ് പറഞ്ഞു. ഹര്‍ജിക്കാര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ ഹര്‍ജി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുതാണന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കവെയാണ് പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബിഎച്ച് ലോയ ദുരൂഹമായി മരണപ്പെട്ടത്. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്.

കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. ലോയ വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നെന്നും അനുരാധ പറഞ്ഞു. തുടര്‍ന്നാണ് മരണത്തില്‍ അന്വേഷണ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.

പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ചിലര്‍ ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത് ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കാനാണെന്ന് കേസിലെ വാദത്തിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജഡ്ജി ലോയയുടെ മരണത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്നും
മഹാരാഷ്ട്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വസ്തുതകള്‍ ഇല്ലാത്ത മാധ്യമ വാര്‍ത്തകള്‍ തെളിവായി കോടതികള്‍ക്ക് കണക്കാക്കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ മുകുള്‍ റോത്തഗി വാദിച്ചു. ജസ്റ്റിസ് ലോയയുടെ മരണം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞ് കേട്ട്‌കേള്‍വിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഒരു ദുരൂഹതയുമില്ലെന്ന് രണ്ട് ജഡ്ജിമാര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികളില്‍ കോടതി ഇപ്പോള്‍ അവിശ്വാസം രേഖപ്പെടുത്തിയാല്‍, ആ രണ്ട് ജഡ്ജിമാരും ലോയയുടെ മരണത്തില്‍ ഗൂഢാലോചന നടത്തിയെന്ന് കരുതേണ്ടി വരുമെന്നും റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

.

DONT MISS
Top