അവൾ എന്റെ പേരക്കുട്ടിയെപ്പോലെ ; മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയതിന് തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

ഗവര്‍ണറുടെ വിവാദമായ നടപടി

ചെന്നൈ: വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ സ്പർശിച്ച തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ക്ഷമാപണം നടത്തി. മാധ്യമപ്രവർത്തക മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്‍ എഴുതിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

തന്നോട് ചോദിച്ച ചോദ്യത്തിന് അഭിനന്ദനമായാണ് കവിളിൽ തൊട്ടത്. ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് അത് ചെയ്തതെന്നും ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകയുടെ കവിളിൽ അനുവാദമില്ലാതെ ഗവർണർ സ്പർശിച്ചതാണ് വിവാദത്തിന് കാരണമായത്.

തമിഴ്നാട്ടിൽ കോളജ് അധ്യാപിക വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ ഗവർണറുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഗവര്‍ണറോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളിലാണ് ഗവര്‍ണര്‍ സ്പര്‍ശിച്ചത്.  സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തക ഗവർണർക്കെതിരേ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.

ഗവര്‍ണര്‍ പുരോഹിതിനെതിരേ നേരത്തെ ഉയര്‍ന്ന ലൈംഗിപീഡന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തിവരുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തക ചോദ്യമുന്നയിച്ചത്.

ഗവര്‍ണറുടെ മാപ്പ് പുറഞ്ഞുകൊണ്ടുള്ള കത്തിന് പിന്നാലെ മാപ്പപേക്ഷ താന്‍ സ്വീകരിക്കുന്നതായി  മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തു. ചോദ്യത്തിന്റെ പേരില്‍ അഭിനന്ദിച്ചതാണെന്ന ഗവര്‍ണറുടെ വാദം തൃപ്തികരമല്ലെങ്കിലും ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അംഗീകരിച്ച് മാപ്പ് നല്‍കുകയാണെന്നാണ് ലക്ഷ്മിയുടെ ട്വീറ്റ്.

അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിത് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ആറിനാണ് തമിഴ്‌നാടിന്റെ 25 -ാം ഗവര്‍ണറായി ചുമതലയേറ്റത്. വിഭര്‍ഭ മേഖലയില്‍ നിന്നുള്ള നേതാവാണ് ബന്‍വാരിലാല്‍ പുരോഹിത്.

1977 ലാണ് ബന്‍വാരിലാല്‍ പുരോഹിത് സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. 1978 ല്‍ നാഗ്പൂരില്‍ നിന്നും ആദ്യമായി മഹാരാഷ്ട്ര നിയമസഭയിലെത്തി. 1980 ല്‍ വീണ്ടും നിയമസഭയിലെത്തിയ പുരോഹിത്, 1982 ല്‍ സംസ്ഥാനമന്ത്രിയുമായി.

1984 ലും,89 ലും,1996 ലും ബന്‍വാരിലാല്‍ പുരോഹിത് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ടുതവണ കോണ്‍ഗ്രസ് ടിക്കറ്റിലും മൂന്നാം തവണ ബിജെപി ടിക്കറ്റിലുമാണ് പുരോഹിത് ലോക്‌സഭയിലേക്ക് വിജയിച്ചത്. പാര്‍ലമെന്റിലെ പ്രതിരോധ, ആഭ്യന്തര സമിതികളില്‍ പുരോഹിത് അംഗമായിരുന്നിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top