ഹര്‍ത്താലിന്റെ മറവില്‍ അക്രമം: കര്‍ശന നടപടിയുമായി പൊലീസ്; കസ്റ്റഡിയിലായത് നിരവധിപേര്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതിലഭിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളില്‍ കര്‍ശന നടപടിയുമായി പൊലീസ്. ഹർത്താലിന്‍റെ പേരിൽ അക്രമവും അഴിഞ്ഞാട്ടവും നടത്തിയ കേസിൽ പാലക്കാട് ജില്ലയിൽനിന്ന് മാത്രം 250 പേരാണ് അറസ്റ്റിലായത്. ഇതിൽ 91 പേർക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, കണ്ണൂർ ജില്ലകളിലും അക്രമം നടത്തിയവർക്കെതിരെയും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  കാസർഗോട്ട് വിവിധ മേഖലകളിൽ വാഹനങ്ങൾ തടയുകയും കടകൾ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 104 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിരിക്കുന്നത്.

വാട്സ് ആപ്പ് വഴി ഹർത്താലിന് ആഹ്വാനം ചെയ്യുകയും അക്രമിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. തീവ്രനിലപാടുള്ള ചില സംഘടനകളുടെ പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടത്. ഈ ഗ്രൂപ്പുകൾ എല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.  വാട്‌സ് ആപ്പിന്റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ, മലപ്പുറം ജില്ലകളിലും അക്രമികൾക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറത്ത് സംഘർഷങ്ങളുടെ പേരിൽ താനൂരിലടക്കം ചിലയിടത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ, താനൂരിൽ വ്യാപാരികൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. തിങ്കളാഴ്ചത്തെ ഹർത്താലിൽ പ്രദേശത്തെ കടകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടകളടച്ചുള്ള ഹർത്താലിന് ആഹ്വാനം ചെയ്തത്.

DONT MISS
Top