ശ്രീജിത്തിന്റെ മരണകാരണം ഉരുട്ടിക്കൊല; അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശ്വാസ്യത ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിനു പിന്നില്‍ ഉരുട്ടിക്കൊലയ്ക്ക് സമാനമായ മര്‍ദ്ദനമാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കുന്നതിനാണ്. ഈ കേസില്‍ സിപിഐഎമ്മും പൊലീസും ഓരേപോലെ പ്രതിസ്ഥാനത്താണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ഇനി സിബിഐ അന്വേഷിക്കുന്നതാകും ഉചിതം. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. പൊലീസ് ഇപ്പോള്‍ കഥകള്‍ മെനയുകയാണ്. ഓരോ ദിവസവും ഓരോ വാര്‍ത്തകള്‍ പൊലീസ് ചോര്‍ത്തി നല്‍കുന്നു. പല രീതിയില്‍ മൊഴികള്‍ മാറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികള്‍ പൊലീസുകാരായതിനാലും പാര്‍ട്ടി ബന്ധം പുറത്തുവരും എന്നതുകൊണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ടുതന്നെ പൊലീസില്‍നിന്ന് ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കില്ലെന്ന കാര്യം വ്യക്തമാണ്. കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

DONT MISS
Top