സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്; ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക

രാത്രിയുണ്ടായ ആക്രമണത്തിന്റെ ദൃശ്യം

ഡമാസ്കസ്: സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഹോംസ് പ്രവിശ്യയിലെ ഷൈരാത് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ വാര്‍ത്താ മാധ്യമമായ സനായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും മിസൈല്‍ ആക്രമണവിവരം സ്ഥിരീകരിച്ചു. ഒന്‍പതോളം മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

അതേസമയം, മിസൈല്‍ ആക്രമണം നടത്തിയത് അമേരിക്കയാണന്ന വാര്‍ത്തകള്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിഷേധിച്ചു. കഴിഞ്ഞയാഴ്ച യുഎസ്, ഫ്രാന്‍സ്, ബ്രട്ടീഷ് സഖ്യസേന സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.  രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. അമേരിക്ക, യുകെ, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രണം നടത്തിയത്.

വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ഡൂയില്‍ അടക്കം വിമതശക്തികേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം നടത്തിയ രാസായുധ ആക്രമണത്തെ തുടര്‍ന്നാണ് സഖ്യസേന രാസായുധ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയതെന്നായിരുന്നു ട്രംപ് ഈ ആക്രമണത്തെ കുറിച്ച് വ്യക്തമാക്കിയത്. വ്യോമാക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചിരുന്നു.

വിമര്‍ക്ക് നേരെ സിറിയന്‍ സൈന്യം നേരത്തെയും രാസായുധം പ്രയോഗിച്ചകായി വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണത്തില്‍ യുഎന്നും രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഒപിസിഡബ്യുവും സിറിയന്‍ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരകൊറിയയാണ് സിറിയയ്ക്ക് രായായുധം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

വിമതരെ തുരത്താന്‍ സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് ശക്തമായ പിന്തുണയാണ് റഷ്യ നല്‍കിവരുന്നത്. രാജ്യത്ത് നിന്ന് ഐഎസ് ഭീകരര്‍ ഏതാണ്ട് പൂര്‍ണമായി തുരത്തപ്പെട്ടശേഷം അസദ് ഭരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ സൈന്യവും ഇവരെ പിന്തുണയ്ക്കുന്ന റഷ്യയും. ഐഎസിനെ തുരത്താന്‍ അമേരിക്ക ശക്തമായ പിന്തുണയാണ് സിറിയന്‍ സൈന്യത്തിന് നല്‍കിയത്.

രാജ്യത്ത് ഏഴ് വര്‍ഷത്തിലേറെയായി അസദ് ഭരണത്തിനെതിരേ വിമതര്‍ നീങ്ങുകയാണ്. രാജ്യം ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായത് മുതലെടുത്താണ് ഐഎസ് സിറിയയില്‍ പിടിയുറപ്പിച്ചത്. ഇവര്‍ തുരത്തപ്പെട്ടതിന് ശേഷം ഇപ്പോള്‍ അസദ് ഭരണകൂടവും സൈന്യവും വിമതര്‍ക്കെതിരേ വീണ്ടും ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വിമത ശക്തികേന്ദ്രങ്ങളില്‍ റഷ്യയുടെ പിന്തുണയോടെ കഴിഞ്ഞയാഴ്ച വീണ്ടും രാസായുധ ആക്രമണം സൈന്യം നടത്തിയത്. സ്വന്തം ജനതയ്ക്ക് മേല്‍ രാസായുധം പ്രയോഗിച്ച അസദ് ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്.

DONT MISS
Top