സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; ആക്രമണം നടത്തിയത് ബ്രിട്ടണും ഫ്രാന്‍സിനുമൊപ്പം ചേര്‍ന്ന്

വാഷിങ്ടണ്‍: രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയയ്‌ക്കെതിരെ വ്യോമാക്രമണം നടത്തി അമേരിക്കയും സഖ്യ കക്ഷികളും. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. അമേരിക്ക, യുകെ, ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രണം നടത്തിയത്. ഇത് സംബന്ധിച്ച വിശദീകരണവുമായി ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസായുധ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയ്‌ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ സിറിയയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മധ്യപൂര്‍വേഷയില്‍ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. സിറിയയ്ക്ക് നേരെ എല്ലാത്തരം സൈനിക നടപടികളുമുണ്ടെന്ന് പറയുന്ന അമേരിക്ക അന്തിമ തീരുമാനം എന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് സഖ്യരാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള വ്യോമാക്രമണം. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ഡൂമയില്‍ ശനിയാഴ്ചനടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിമര്‍ക്ക് നേരെ സിറിയന്‍ സൈന്യം നേരത്തെയും രാസായുധം പ്രയോഗിച്ചകായി വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണത്തില്‍ യുഎന്നും രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഒപിസിഡബ്യുവും സിറിയന്‍ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരകൊറിയയാണ് സിറിയയ്ക്ക് രായായുധം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. അതേസമയം വ്യോമാക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചിട്ടുണ്ട്.

അതേസമയം സിറിയയിലെ ആക്രമണത്തിനെതിരെ യുഎസിലെ റഷ്യന്‍ അംബാസിഡര്‍ അനറ്റോലി ആന്റനോവ് രംഗത്തെത്തി. ഇത്തരം നടപടികള്‍ക്കെല്ലാം തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞ റഷ്യന്‍ അംബാസിഡര്‍ എല്ലാവരും ഭയപ്പെട്ട കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഇതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയ റഷ്യയുടെ പ്രത്യാക്രമണം എങ്ങനെയാകുമെന്ന ആശങ്കയിലാണ് ലോകം.

വിമതരെ തുരത്താന്‍ സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് ശക്തമായ പിന്തുണയാണ് റഷ്യ നല്‍കിവരുന്നത്. രാജ്യത്ത് നിന്ന് ഐഎസ് ഭീകരര്‍ ഏതാണ്ട് പൂര്‍ണമായി തുരത്തപ്പെട്ടശേഷം അസദ് ഭരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ സൈന്യവും ഇവരെ പിന്തുണയ്ക്കുന്ന റഷ്യയും. ഐഎസിനെ തുരത്താന്‍ അമേരിക്ക ശക്തമായ പിന്തുണയാണ് സിറിയന്‍ സൈന്യത്തിന് നല്‍കിയത്.

രാജ്യത്ത് ഏഴ് വര്‍ഷത്തിലേറെയായി അസദ് ഭരണത്തിനെതിരേ വിമതര്‍ നീങ്ങുകയാണ്. രാജ്യം ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായത് മുതലെടുത്താണ് ഐഎസ് സിറിയയില്‍ പിടിയുറപ്പിച്ചത്. ഇവര്‍ തുരത്തപ്പെട്ടതിന് ശേഷം ഇപ്പോള്‍ അസദ് ഭരണകൂടവും സൈന്യവും വിമതര്‍ക്കെതിരേ വീണ്ടും ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വിമത ശക്തികേന്ദ്രങ്ങളില്‍ റഷ്യയുടെ പിന്തുണയോടെ കഴിഞ്ഞയാഴ്ച വീണ്ടും രാസായുധ ആക്രമണം സൈന്യം നടത്തിയത്. സ്വന്തം ജനതയ്ക്ക് മേല്‍ രാസായുധം പ്രയോഗിച്ച അസദ് ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്.

DONT MISS
Top