ദേശീയ പുരസ്കാര നിറവില്‍ ‘ഇന്ത്യന്‍ മൊസാര്‍ട്ട്’; എആര്‍ റഹ്മാനിത് ഇരട്ടി നേട്ടം

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ വിരലുകളില്‍ സംഗീതം ഒഴുകുന്ന എആര്‍ റഹ്മാന് ഇത്തവണ ഇരട്ടി മധുരമാണ്. സംഗീതം, പശ്ചാത്തല സംഗീതം അടക്കം രണ്ട് നേട്ടങ്ങളാണ് എആര്‍ റഹ്മാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീദേവി അവസാനമായി അഭിനയിച്ച മോം എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മണിരത്‌നത്തിന്റെ കാട്രുവെളിയിടെ എന്ന ചിത്രത്തിലൂടെ സംഗീതത്തിനുള്ള പുരസ്‌കാരവും എആര്‍ റഹ്മാന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ലോക സിനിമയില്‍ തന്നെ അത്ഭുതമെന്നാണ് എആര്‍ റഹ്മാനെ വിശേഷിപ്പിക്കുന്നത്. റോജ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ എആര്‍ റഹ്മാന്‍ ഓസ്‌കാര്‍ പുരസ്‌കാര വേദിയിലും തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഒകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം പ്രണയവും വിരഹവും പറഞ്ഞ കഥയാണ് മണിരത്‌നത്തിന്റെ കാട്രുവെളിയിടെ. മണിരത്‌നം-എആര്‍ റഹമാന്‍ മ്യൂസിക്കല്‍ മാജിക്കായിരുന്നു ആ ചിത്രം.

അതേസമയം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന് ശേഷം നടി ശ്രീദേവി നായികയായെത്തിയ ചിത്രമാണ് മോം. സസ്‌പെന്‍സ് ത്രില്ലറായ മോം ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. നാല് ദേശീയ പുരസ്‌കാരങ്ങള്‍ ഇതിന് മുന്‍പ് നേടിയ റഹ്മാന്‍ ഗ്രാമി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്, തുടങ്ങിയ നിരവധി പുര്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

സംവിധായന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായപ്പോള്‍ ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനായി. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. 2017ലെ ദാദാസാഹേബ് പുരസ്‌കാരം വിനോദ് ഖന്നയ്ക്കാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top