ഗന്ധര്‍വനാദം വീണ്ടും പുരസ്‌കാര നിറവില്‍, അവാര്‍ഡ് ലഭിക്കുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം

ദില്ലി: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് വീണ്ടും ദേശീയപുരസ്‌കാര നിറവില്‍. അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായകനുള്ള പുരസ്‌കാരം ഗന്ധര്‍വനാദത്തെ തേടിയെത്തി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെയാണ് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യേശുദാസിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. ഇത് എട്ടാമത്തെ ദേശീയ അവാര്‍ഡ്. ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ് നേടിയ വ്യക്തിയും ഗാനഗന്ധര്‍വന്‍ തന്നെ. എട്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ ആറെണ്ണം മലയാള ചിത്രങ്ങള്‍ക്കാണ്. ഹിന്ദി, തെലുഗു ഭാഷകളില്‍ ഓരോ തവണയും അവാര്‍ഡ് സ്വന്തമാക്കി.

1972 ലാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. തൊട്ടടുത്ത വര്‍ഷവും അവാര്‍ഡ് യേശുദാസ് നേടി. ഗായത്രി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ല്‍ ഹിന്ദി ചിത്രമായ ചിറ്റ്‌ചോരിലൂടെ മൂന്നാം അവാര്‍ഡ് നേടി. 1982 ല്‍ മേഘസന്ദേശം എന്ന തെലുഗു ചിത്രത്തിലൂടെയും ഗാനഗന്ധര്‍വന്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 1987 ല്‍ ഉണ്ണികളെ ഒരു കഥപറയാം, 1991 ല്‍ ഭരതം, 1993 ല്‍ സോപാനം എന്നീ ചിത്രങ്ങളിലൂടെയും ഗന്ധര്‍വ്വനാദം ദേശീയ പുരസ്‌കാരം നേടി.

DONT MISS
Top