മഹാഭാരതം സിനിമയാക്കാനില്ല, സ്വപ്ന പദ്ധതി ആമീര്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

മുംബൈ: ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഡ്രീം പ്രൊജക്ട് മഹാഭാരതം സിനിമയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആമിര്‍ ഖാന്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു ബിഗ് ബജറ്റ് ചിത്രമായി മഹാഭാരതം വെള്ളിത്തിരയില്‍ കൊണ്ടുവരാനുള്ള തീരുമാനമാണ് ആമീര്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്.

ചരിത്രത്തേയും മിത്തുകളെയും സിനിമയ്ക്ക് ആധാരമാക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ചിന്തയിലാണ് ആമീര്‍ മഹാഭാരതം ഉപേക്ഷിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് വലിയ വിവാദങ്ങളിലേയ്ക്ക് വഴിവെച്ച സാഹചര്യത്തില്‍ കൂടിയാണ് ആമീറിന്റെ തീരുമാനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാഭാരതം സിനിമയാക്കിയാല്‍ ചിത്രത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്താന്‍ സാധ്യതയുണ്ട്. മാസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സുപ്രിം കോടതിയില്‍ നിന്നടക്കം അനുകൂല വിധിയുണ്ടായിട്ടും ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ആമീര്‍ തന്റെ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരം കോടി ബജറ്റിലൊരുങ്ങുന്ന ആമീറിന്റെ മഹാഭാരതം നിര്‍മ്മിക്കുന്നത് മുകേഷ് അംബാനിയാണെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. മഹാഭാരതം നിര്‍മ്മിക്കുന്നതിനായി മുകേഷ് പുതിയ നിര്‍മാണ കമ്പനി തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹാഭാരതമാണ് തന്റെ സ്വപ്‌ന സിനിമയെന്ന് നേരത്തെതന്നെ ആമീര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലാണ് ആമിര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫാത്തിമ സന, കത്രീന കെെഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ആമിറെത്തുന്നത്.

DONT MISS
Top