കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍: കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ സംബന്ധിച്ച കോണ്‍ഗ്രസ്സിലെ എംഎല്‍എമാരുടെ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. പാര്‍ട്ടി തീരുമാനത്തെ എംഎല്‍എമാര്‍ പരസ്യമായി വിമര്‍ശിക്കുന്നത് ഗുണകരമല്ല. ബില്ലിന്റെ കാര്യത്തില്‍ വിമര്‍ശനങ്ങള്‍ രാഷ്ട്രീയകാര്യ സമിതി പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തുറന്ന് പറയുമെന്നും എംഎം ഹസന്‍ കോഴിക്കോട് പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം ക്രമപ്പെടുത്താന്‍ നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ യുഡിഎഫ് പിന്തുണച്ചതിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധൂകരിക്കാനുള്ള ബില്‍ പാസാക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് വിടി ബല്‍റാം എംഎഎല്‍ വിട്ട് നിന്നിരുന്നു.

ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമാണ് താന്‍ വോട്ട് എടുപ്പില്‍ പങ്കെടുക്കാതിരുന്നതെന്ന് വിടി. ബല്‍റാം എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. പിന്നീട് വിയോജിപ്പ് നിയമസഭയിലും തുറന്ന് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം  ജനമോചന യാത്രക്ക് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് എംഎം ഹസ്സന്‍ പറഞ്ഞു.

പാര്‍ട്ടി തീരുമാനത്തെ എംഎല്‍എമാര്‍ പരസ്യമായി വിമര്‍ശിക്കുന്നത് ഗുണകരമല്ല. അത് വിമര്‍ശിക്കുന്ന നേതാക്കള്‍ തിരിച്ചറിയാത്തിടത്തോളം കാലം പാര്‍ട്ടി ആവിശയത്തില്‍ നടപടിയോ തീരുമാനമോ എടുക്കില്ലെന്ന് എംഎം ഹസ്സന്‍ പറഞ്ഞു.

വിഎം സുധീരന്‍, ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്ന പരസ്യ വിമര്‍ശനത്തിലെ അതൃപ്തിയാണ് എംഎം ഹസന്‍ ഇന്ന് തുറന്നുപറഞ്ഞത്.

DONT MISS
Top