ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തോറ്റതാണെന്ന് കോണ്‍ഗ്രസ്‌

എംഎം ഹസന്‍

തിരുവനന്തപുരം: ഹാരിസൺ കേസിൽ സർക്കാർ ബോധപൂർവ്വം തോറ്റു കൊടുത്തതാണെന്നു കെപിസിസി അധ്യക്ഷൻ എംഎംഹസൻ. കേസിൽ സുപ്രിംകോടതിയിൽ അപ്പീൽ പോകണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഇന്നാണ് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി, ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഭൂമി ഏറ്റെടുക്കലിനെതിരെ ഹാരിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. പൊതുജനപ്രീതിക്ക് നിയമം ലംഘിച്ച് നടപടി പാടില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ റോബിന്‍ ഹുഡ് ചമയരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

വന്‍കിട കമ്പനികള്‍ കാലങ്ങളായി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് കോടതി ഉത്തരവ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഹാരിസണിന്റെ കൈവശം 70,000 ലേറെ ഏക്കറും അനൗദ്യോഗിക കണക്ക് പ്രകാരം ഒരു ലക്ഷത്തിലേറെ ഏക്കറും ഉണ്ടെന്നാണ് വിവരം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കലിനെ കുറിച്ച് പഠിക്കാന്‍ എംജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. രാജമാണിക്യം റിപ്പോര്‍ട്ടില്‍ ഹാരിസണ്‍ അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും ഇത് തിരിച്ച് പിടിക്കണമെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 30,000 ഏക്കര്‍ തിരിച്ച് പിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് കോടതി ഉത്തരവോടെ നിഷ്ഫലമായിരിക്കുന്നത്.

DONT MISS
Top