അവന്‍ അവളായി, അവള്‍ അവനായി, അവരൊന്നായി; പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സൂര്യ

സൂര്യ, ഇഷാന്‍

അവന്‍ അവളായി, അവള്‍ അവനായി അപൂര്‍വമായ ഒരു പ്രണയ വിവാഹത്തിനാണ് കേരളം  സാക്ഷിയാകാന്‍ പോകുന്നത്. ആണെന്ന മൂടുപടം വലിച്ചെറിഞ്ഞ് പെണ്ണായി മാറിയ സൂര്യയ്ക്കും പെണ്ണെന്ന സ്വത്വത്തെ ഉപേക്ഷിച്ച് ആണായി മാറിയ ഇഷാനും പറയാനുള്ളത് തീവ്ര പ്രണയത്തിന്റെയും ഒത്തുചേരലിന്റെയും കഥയാണ്.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇഷാനും സൂര്യയും ഒന്നാകുമ്പോള്‍ അവര്‍ മറികടക്കുന്നത് മുന്നിലുള്ള നൂറായിരം വിലക്കുകളെ കൂടിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും നീണ്ട നാളത്തെ പ്രണയമാണ് വിവാഹത്തിലൂടെ പൂത്തുലയുന്നത്. അടുത്തമാസം നടക്കുന്ന വിവാഹം കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തമ്മിലുള്ള ആദ്യ നിയമവിധേയ വിവാഹമെന്ന നിലയില്‍ ചരിത്രത്തില്‍ കൂടിയാണ് ഇടം നേടുന്നത്.

ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍ ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ട് തന്നെ നിയമവിധേയമായ വിവാഹത്തിന് മറ്റ് തടസ്സങ്ങളുമില്ല. കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന സോഷ്യല്‍ ആക്ടിവിസ്റ്റും ഭിന്ന ലൈംഗിക ന്യൂന പക്ഷ പ്രവര്‍ത്തകയുമാണ് സൂര്യ. ഒപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോ ആര്‍ടിസ്റ്റ് എന്ന നിലയിലും സൂര്യ ഏവര്‍ക്കും സുപരിചിതമാണ്. മുസ്‌ലിം കുടുംബത്തിലെ അംഗമായ ഇഷാന്‍ ട്രാന്‍സ്‌മെന്‍ ആക്ടിവിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയാണ്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സൂര്യ മനസ്സ് തുറക്കുന്നു.

പ്രണയം,

ആറ് വര്‍ഷത്തോളം തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അതാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്കെത്തുന്നതും. ഇഷാനാണ് തന്നോട് ഇഷ്ടം തുറന്നുപറഞ്ഞത്. ഇരുകുടുംബങ്ങളുടെയും പൂര്‍ണസമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്. ഇപ്പോഴും ഞങ്ങള്‍ പ്രണയിക്കുന്നു ഇനിയും ഞങ്ങള്‍ പ്രണയിക്കും.

ഞങ്ങളെ മനുഷ്യരായിപോലും അംഗീകരിക്കാത്ത ഒരു സമൂഹമാണുള്ളത്. ഞങ്ങള്‍ക്കും മറ്റുള്ളവരെപോലെ കുടുംബവും ജീവിതവും ഉണ്ടെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. സ്ത്രീയും പുരുഷനും എന്ന ചട്ടക്കൂടില്‍ നിന്ന്കൊണ്ട് മാത്രം സമൂഹത്തെ കാണാന്‍ ശ്രമിക്കരുത്. ഞങ്ങളിലെ സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താന്‍ ഈ വിവാഹം ഒരു പ്രചോദനമാകുമെന്നാണ് കരുതുന്നത്.

കൂടിക്കാഴ്ച,

ഞങ്ങള്‍ രണ്ട് പേരും തിരുവനന്തപുരം സ്വദേശികളാണ്. ഒരേ സംഘടനയുടെ അംഗങ്ങളുമാണ്. കഴിഞ്ഞ ആറ് മാസമായിട്ടാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ അടുക്കുന്നത്. അപ്പോഴാണ് ഇഷാന്‍ തന്നോട് ഇഷ്ടം തുറന്നുപറയുന്നത്. എന്നാല്‍ അപ്പോള്‍ മറുപടി നല്‍കിയില്ല. പിന്നീട് വിവാഹത്തെപറ്റി രണ്ട് പേരും തമ്മില്‍ സംസാരിച്ചതിന് ശേഷം ഒരു തീരുമാനത്തിലെത്തുകയായിരുന്നു.

ഞങ്ങളിലെ സ്ത്രീകളെ അംഗീകരിക്കാന്‍ കഴിയാത്ത പുരുഷ സമൂഹമാണുള്ളത്. അവര്‍ക്ക് ഇരുട്ടിന്റെ മറവില്‍ ഞങ്ങളുമായുള്ള സൗഹൃദവും ലൈംഗികതയും ആസ്വദിക്കാനാകും. എന്നാല്‍ വെട്ടത്ത് തങ്ങളെ കൊണ്ടുനടക്കാനോ കൈ ചേര്‍ത്ത് പിടിക്കാനോ ഇവര്‍ തയ്യാറല്ല. പൊതുനിരത്തുകളില്‍ തങ്ങളെ ചേര്‍ത്ത് പിടിക്കാനോ സ്‌നേഹിക്കാനോ ഈ സമൂഹത്തിന് നാണക്കേടാണ്. അത്തരക്കാര്‍ക്കിടയില്‍ ഞങ്ങളിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും യഥാര്‍ത്ഥ പ്രണയങ്ങള്‍ തെളിയിക്കപ്പെടണം. പ്രണയവും സ്‌നേഹവും കുടുംബവുമെല്ലാം ഞങ്ങള്‍ക്കിടയിലുമുണ്ട്. തങ്ങളുടെ കമ്മ്യൂണിറ്റിയില്‍ തന്നെ ഉള്‍പ്പെടുന്ന പരസ്പര ധാരണയുള്ള ഒരു പങ്കാളിയെ വിവാഹം ചെയ്യുന്നതിലൂടെ തങ്ങള്‍ക്കും കുടുംബമായി മാന്യമായി ജീവിക്കാന്‍ സാധിക്കുമെന്നുള്ളത് ഈ സമൂഹത്തെ ബോധ്യപ്പെടുത്താനാകും.

വിവാഹം,

ഇരു കുടുംബങ്ങളുടെയും പൂര്‍ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരാകുന്നത്. അടുത്ത മാസം 15 നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. സമുദായമുള്‍പ്പെടെ എല്ലാവരുടേയും സമ്മതപ്രകാരമാണ് വിവാഹം. സമൂഹത്തിന് മുന്നില്‍ നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണ വേണം.

ഇഷാന്‍ കുടുംബത്തോടൊപ്പം

ഇഷാന്‍, 

ബിസിനസുകാരനായിരുന്ന ഇഷാന്‍ തിരുവനന്തപുരം സ്വദേശിയാണ്. ഉമ്മയും ബാപ്പയും സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. ഇഷാന്റെ കുടുംബം വളരെ സ്‌നേഹത്തോടെയാണ് തന്നോട് സഹകരിക്കുന്നതെന്ന് സൂര്യ പറയുന്നു. വിവാഹത്തെ പറ്റി ആദ്യം തീരുമാനമെടുക്കുന്നത് ഇഷാനാണ്. വീട്ടുകാര്‍ പരസ്പരം അംഗീകരിച്ചതുകൊണ്ടുതന്നെ സമുദായമുള്‍പ്പെടെ എല്ലാവരുടെയും സമ്മതപ്രകാരമാണ് വിവാഹിതരാകുന്നത്. കേവലമൊരു രജിസ്റ്റര്‍ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹം വേണമെന്നുള്ളത് ഇഷാന്റെ നിര്‍ബന്ധമായിരുന്നു. ഈ വിവാഹത്തെ പറ്റി സമൂഹം അറിയണമെന്നുള്ളതും മറ്റുള്ളവര്‍ക്ക് അതൊരു മാതൃകയാകണമെന്നുള്ളതുമാണ് ഞങ്ങളുടെ ആഗ്രഹം.

മതം മാറ്റത്തെകുറിച്ച്,

ഞാന്‍ ഹിന്ദുവും ഇഷാന്‍ മുസ്‌ലിമുമായതിനാല്‍ മതംമാറ്റത്തെ കുറിച്ച് പലരും ചോദിച്ചിരുന്നു. എന്നാല്‍ തന്നെ സംബന്ധിച്ച് മതം എന്നുള്ളത് ഒരു പ്രാധാന്യമല്ല. ഇഷാന്റെ കുടുംബം മുസ്‌ലിം വിശ്വാസികളാണ്. മതം മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഞങ്ങളുടെ പ്രണയവും സ്‌നേഹവുമാണ് പ്രാധാന്യമേറിയത്. മാത്രമല്ല നല്ലൊരു കുടുംബജീവിതമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. ഭാവിയിലെ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. –

ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം,

കേരളത്തിലെ ഒരു പക്ഷെ ഇന്ത്യയിലേതന്നെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. വിവാഹത്തേക്കാളുപരി സമൂഹത്തിന് മുന്നില്‍ ഒരു മാതൃകയും പ്രചോദനമാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരു പുരുഷനെയോ സ്ത്രീയെയോ പോലെ ജീവിതവും കുടുംബവും അവകാശങ്ങളുമെല്ലാമുള്ള വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡറുകളും. ഞങ്ങളും മനുഷ്യരാണ്, ഞങ്ങളെയും മനുഷ്യരായി പരിഗണിക്കൂ, നിങ്ങള്‍ക്കുള്ള അതേ അവകാശങ്ങളും സ്വാതന്ത്ര്യവും ഞങ്ങള്‍ക്കുമുണ്ട്. ആ അവകാശങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കുകയും നേടിയെടുക്കുകയും ചെയ്യും, സൂര്യ പറയുന്നു.

DONT MISS
Top