ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് ടീം ഇനങ്ങളിലും സ്വര്‍ണം; ഇന്ത്യ മൂന്നാമത്

ടേബിള്‍ ടെന്നീസ് ടീം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് തുടരുന്നു. അഞ്ചാം ദിനത്തില്‍ മൂന്ന് സ്വര്‍ണം ഇന്ത്യ കരസ്ഥമാക്കി. ഷൂട്ടിംഗില്‍ ജിത്തു റായിയിലൂടെ സ്വര്‍ണവേട്ട തുടങ്ങിയ ഇന്ത്യ പുരുഷവിഭാഗം ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനങ്ങളിലും സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പത്തായി ഉയര്‍ന്നു. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

പുരുഷന്‍മാരുടെ ടേബില്‍ ടെന്നീസില്‍ നൈജീരിയയെ 3-0 ന് തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്. നേരത്തെ വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ മലേഷ്യയെ 3-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ആദ്യം നടന്ന മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സാത്വിക് സായ്‌രാജ് സഖ്യം 21-14, 15-21, 21-15 എന്ന സ്‌കോറിനാണ് മലേഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. തൊട്ടുപിന്നാലെ നടന്ന പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് മലേഷയുടെ ഇതിഹാസതാരം ലി ചോങ് വെയിനെ അട്ടിമറിച്ചു. 21-17, 21-14 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. പുരുഷ ഡബിള്‍സില്‍ വിജയിച്ച് മലേഷ്യ തിരിച്ചടിച്ചു. എന്നാല്‍ നാലാം മത്സരത്തില്‍ വനിതകളുടെ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ വിജയം കുറിച്ചതോടെ ഒരു മത്സരം ശേഷിക്കെത്തന്നെ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി.

DONT MISS
Top