ദലിത് ഹര്‍ത്താല്‍; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, ഗീതാനന്ദന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.  ഗീതാനന്ദനടക്കം ഒന്‍പത് പേരാണ് പൊലീസിന്റെ കരുതല്‍ തടങ്കലിലുള്ളത്.

രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.

കെഎസ്ആര്‍ടിസി ഇന്ന് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും അന്ന് സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം. എന്നാല്‍ സര്‍വീസ് നടത്തരുതെന്ന് ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നായിരുന്നു രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്നും കൂടുതല്‍ പൊലീസിനെ വിന്യസിക്കണം എന്ന നിര്‍ദേശവും നല്‍കിയിരുന്നു.

ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഏപ്രില്‍ രണ്ടിനായിരുന്നു രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 12 പേരുടെ ജീവന്‍ പൊലിഞ്ഞത്. പട്ടികജാതിവര്‍ഗ (സംരക്ഷണ നിയമം) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ഭാരത് ബന്ദ്.

DONT MISS
Top