സാമുവലിനേയും ഭയപ്പെടുത്തി ബീഫ് വിരോധികള്‍; പൊറോട്ടയും ബീഫും ഇഷ്ടമാണെന്ന കുറിപ്പ് തിരുത്തിയത് നാല് തവണ


‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയില്‍ അഭിനയിച്ച് പ്രശസ്തനായ സാമുവല്‍ റോബിന്‍സണ്‍ എന്ന ആഫ്രിക്കന്‍ സ്വദേശിക്കും ബീഫ് വിരോധികളുടെ താക്കീത്. പൊറോട്ടയും ബീഫും ഇഷ്ടമാണെന്ന സാമുവലിന്റെ കുറിപ്പ് നിമിഷങ്ങള്‍ക്കകം തിരുത്തപ്പെട്ടു. എന്താണ് അതിന്റെ കാരണം എന്ന് ചോദിച്ചപ്പോഴാണ് ബീഫ് അത്ര നല്ലതല്ല എന്ന് ആരോ മുന്നറിയിപ്പ് നല്‍കിയതായി സാമുവല്‍ തുറന്നുപറഞ്ഞത്.

“ശരിക്കും ഞാന്‍ കേരളത്തെ മിസ്സ് ചെയ്യുന്നു. ഇന്ത്യയില്‍നിന്ന് മറ്റൊരു പ്രൊജക്ട് വരാനായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് പൊറോട്ടയും ബീഫ് കറിയും വേണം”, ഇങ്ങനെയാണ് സാമുവല്‍ റോബിന്‍സണ്‍ ഫെയ്‌സ്ബുക്കില്‍ ആദ്യം കുറിച്ചത്.

പിന്നീട് ബീഫ് കറി എന്നത് ചിക്കന്‍ കറി എന്നാക്കി സാമുവല്‍ തിരുത്തി. വീണ്ടും ചിക്കന്‍ എന്നത് മട്ടന്‍ എന്നാക്കി വീണ്ടും തിരുത്തി. ഇതോടെ എന്തിനാണ് ഈ തിരുത്തല്‍ എന്ന് ആളുകള്‍ ചോദിക്കാനാരംഭിച്ചു. ശരിക്കും നിനക്ക് ഏത് കറിയാണ് ഇഷ്ടം എന്ന് കമന്റുകള്‍ വന്നുതുടങ്ങി. ഇതോടെ അദ്ദേഹം എന്താണ് വസ്തുത എന്ന് തുറന്നുപറഞ്ഞു.

“എനിക്ക് ശരിക്കും ബീഫാണ് വേണ്ടത്. പക്ഷേ ചിലര്‍ എന്നോടുപറഞ്ഞു ബീഫ് കഴിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന്. പക്ഷേ ഞാനിപ്പോഴും ഇഷ്ടപ്പെടുന്നത് ബീഫുതന്നെ”, എന്നാണ് സാമുവല്‍ ഒരു മറുപടിയായി പറഞ്ഞത്. എന്നാല്‍ ഇത് കേരളമാണ്, ബീഫ് കഴിക്കാന്‍ പാടില്ല എന്ന് മുറവിളികൂട്ടുന്നവര്‍ ഇവിടെയില്ല എന്നും അവറ്റകളുടെ ഒരുകളിയും കേരളത്തില്‍ നടക്കില്ല എന്നും പിന്നീട് കമന്റ് ചെയ്തവര്‍ സാമുവലിനോട് വ്യക്തമാക്കി. തുടര്‍ന്ന് സാമുവല്‍ തന്റെ പോസ്റ്റ് വീണ്ടും മട്ടന്‍ എന്നതുമാറ്റി ബീഫ് എന്നാക്കുകയായിരുന്നു.

സാമുവലിന്റെ കുറിപ്പില്‍ ബീഫിന് പിന്തുണയറിയിക്കാന്‍ വന്ന ചിലരുടെ കമന്റുകള്‍ താഴെ കാണാം.

DONT MISS
Top