മെഡിക്കല്‍ ബില്‍: വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബെന്നി ബെഹന്നാന്‍; ആദര്‍ശ തള്ളല്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെന്ന് പന്തളം: കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ തുടരുന്നു

ബെന്നി ബെഹന്നാന്‍, പന്തളം സുധാകരന്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു.

പിണറായി സര്‍ക്കാര്‍ ബില്‍ പാസാക്കിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയാണിതെന്നും ബെഹന്നാന്‍ ആരോപിച്ചു. ആരോപണം നേരിട്ട് പിണറായി സര്‍ക്കാരിനെതിരെ ആണെങ്കിലും അത് കൊള്ളുന്നത് ബില്ലിനെ ഒറ്റമനസോടെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടിയാണ്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക്.

ഇതിന് ചുട്ടമറുപടിയുമായി ഐ ഗ്രൂപ്പ് വക്താവ് കൂടിയായ പന്തളം സുധാകരന്‍ രംഗത്തെത്തി. ബില്ലിന്റെ പേരില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ബെഹന്നാന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളെ കൂടി അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പന്തളം ഓര്‍മിപ്പിച്ചു. ഒറ്റക്കെട്ടായി സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയാന്‍ ചിലര്‍ നടത്തുന്ന ആര്‍ശത്തള്ളല്‍ മലര്‍ന്ന് കിടന്ന് തുപ്പുന്ത് പോലെയാണെന്ന് പന്തളം തിരിച്ചടിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ കത്തും പ്രതിപക്ഷനേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്. അത് ദുര്‍വ്യാഖ്യാനം ചെയ്യരുത്. കൈയടിക്ക് ഉള്ളതുമാകരുത്. സ്വാശ്രയകൊള്ളക്കാര്‍ എന്നും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും (എകെ ആന്റണി ഒഴികെ) മിത്രങ്ങളായിരുന്നല്ലോയെന്നും പന്തളം പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വീണ്ടും ഗ്രൂപ്പിസത്തിലേക്കും തമ്മിലടിയിലേക്കും നീങ്ങുന്നതാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങളോടെ രണ്ട് ചേരി രൂപപ്പെട്ടിരിക്കുകയാണ്. നിയമസഭയില്‍ വിടി ബല്‍റാം എംഎല്‍എ മാത്രമാണ് ബില്ലിനെതിരെ നിലപാട് കൈക്കൊണ്ടത്.

ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ബല്‍റാം അനുകൂലികളും പ്രതികൂലികളും എന്ന നിലയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ബല്‍റാമിനെ പിടി തോമസ് ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംഘടനകളും ബില്ലിനെതിരായ നിലപാടാണ് കൈക്കൊണ്ടത്. അതേസമയം, റോജി എം ജോണ്‍, കെഎസ് ശബരീനാഥ് എന്നിവര്‍ ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. ബില്ലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനത്തെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ശരിയല്ലെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ബില്ലിനെ പിന്തുണച്ചതിനെതിരെ മുതിര്‍ന്ന നേതാവ് എകെ ആന്റണി കൂടി രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത് ദുഖരമായിപ്പോയെന്നായിരുന്നു ആന്റണി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

DONT MISS
Top