ഐപിഎല്ലിന് ആവേശോജ്വല തുടക്കം; ഇന്ന് രണ്ട് മത്സരങ്ങള്‍

മത്സരത്തിനിടെ ബ്രാവോ

വാംഖഡെ: ഐപിഎല്‍ പതിനൊന്നാം സീസണിന് ആവേശോജ്വല തുടക്കാണ് ലഭിച്ചിരിക്കുന്നത്. ജയപരാജയങ്ങള്‍ ആദ്യന്തം മാറിമറിഞ്ഞ മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ഒരു വിക്കറ്റിന്റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തമാക്കിയത്.

ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യമത്സരത്തില്‍ പഞ്ചാബ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നേരിടും. വൈകിട്ട് നാലുമണിക്ക് ചണ്ടീഗഢിലാണ് മത്സരം ആരംഭിക്കുന്നത്. രാത്രി എട്ട് മണിക്ക് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ രണ്ട് വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

ഒരു ട്വന്റി20 മത്സരത്തിന് യോജിച്ച എല്ലാ ചേരുവകളും ചേര്‍ന്നതായിരുന്നു ഉദ്ഘാടനമത്സരം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലുവിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ ഇരുവര്‍ക്കും തുല്യസാധ്യതയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 17 ഓവറില്‍ എട്ടിന് 119 എന്ന നിലയിലായതോടെ മത്സരം മുംബൈ ഏതാണ്ട് ഉറപ്പിച്ചു. പക്ഷെ ബ്രാവോയുടെ ഒറ്റയാന്‍ പോരാട്ടം മുംബൈയുടെ സുനിശ്ചിത വിജയം തട്ടിത്തെറിപ്പിച്ചു. 30 പന്തില്‍ 68 റണ്‍സെടുത്ത വിന്‍ഡീസ് താരത്തിന്റെ മികവില്‍ ഒരു പന്ത് ശേഷിക്കെ ചെന്നൈ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഏഴ് സിക്‌സറും മൂന്ന് ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു ബ്രാവോയുടെ ഇന്നിംഗ്‌സ്.

അവസാന മൂന്ന് ഓവറില്‍ 47 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. മക്ലിനാഗന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 20 റണ്‍സ് വന്നു. മുംബൈയുടെ വിശ്വസ്തനും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമായ ബൂമ്‌റയായിരുന്നു 19-ാം ഓവര്‍ എറിഞ്ഞത്. അതുവരെ മികച്ച രീതിയല്‍ പന്തെറിഞ്ഞിരുന്ന ബൂമ്‌റയുടെ ഓവറില്‍ ബ്രാവോ അടിച്ചെടുത്തത് 22 റണ്‍സ്. മൂന്ന സിക്‌സര്‍ ഉള്‍പ്പെടെയായിരുന്നു ഇത്. അവസാന പന്തില്‍ ബ്രാവോയെ മടക്കിയെങ്കിലും വിജയം നിഷേധിക്കാന്‍ ബൂമ്‌റയ്ക്ക് കഴിഞ്ഞില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top