വീണ്ടും കുട്ടിപ്പൂരത്തിന്റെ ആവേശത്തിലേക്ക്; ഐപിഎല്‍ പതിനൊന്നാം സീസണിന് ഇന്ന് തുടക്കം

മുംബൈ: ക്രിക്കറ്റിന് പുതിയ മാനങ്ങള്‍ നല്‍കിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിന് ഇന്ന് തുടക്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും.

ടൂര്‍ണമെന്റില്‍ മൂന്ന് തവണ കിരീടം ചൂടിയ മുംബൈയും രണ്ട് തവണ ചാമ്പ്യന്‍മാരായ ചെന്നൈയും ഏറ്റുമുട്ടുമ്പോള്‍ മത്സരം പൊടിപാറുമെന്ന് ഉറപ്പ്. കോഴവിവാദത്തെ തുടര്‍ന്ന് നേരിട്ട രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മറുവശത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന്റെ അമരത്ത്.

ലോക ക്രിക്കറ്റിനെ തന്നെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ നടക്കുന്നത്. വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഇത്തവണത്തെ ഐപിഎല്ലിനില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top