മെഡിക്കല്‍ ഓര്‍ഡിനന്‍സ്: സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി ബാലന്‍

എകെ ബാലന്‍

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ കഴിഞ്ഞദിവസം പാസാക്കിയ  ബിൽ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് സംസ്ഥാന നിയമവകുപ്പ് മന്ത്രി എകെ ബാലൻ. ഇക്കാര്യത്തിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയ്ക്കും സര്‍ക്കാരിനും തെറ്റുപറ്റിയാല്‍ കണ്ടുപിടിച്ച് തിരുത്തേണ്ടിയിരുന്നത് ഗവര്‍ണറാണ്. എന്നാല്‍ വിഷയത്തില്‍ നേരത്തെ കൊണ്ടുവന്ന ഓർഡിനൻസ് അദ്ദേഹം എതിര്‍പ്പ് അറിയിക്കാതെ ഒപ്പുവയ്ക്കുകയാണ് ചെയ്തത്. നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ബില്‍ ഗവർണർ അംഗീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഏകകണ്ഠമായിട്ടായിരുന്നു ബുധനാഴ്ച ബില്ല് നിയമസഭ പാസാക്കിയത്. ഇതിന് പിന്നാലെ ഇന്നലെ സുപ്രിംകോടതി, അഡ്മിഷനുമായി ബന്ധപ്പെട്ട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുന്ന ഓര്‍ഡിനന്‍സ് റദ്ദു ചെയ്തുകൊണ്ട് ഇരുമെഡിക്കല്‍ കോളെജുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പ്രവേശനം അസാധുവാക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധി മുന്നില്‍ക്കണ്ടാണ് ബുധനാഴ്ച തിടുക്കപ്പെട്ട് നിയമസഭ ഇരുമെഡിക്കല്‍ കോളെജുകളിലെയും വിദ്യാര്‍ത്ഥി പ്രവേശനം സാധുവാക്കാനായി ബില്ല് കൊണ്ടുവന്നത്.

പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സര്‍ക്കാരിനെതിരെയുള്ള മുഖ്യപ്രചരണവിഷയം ആകേണ്ടിയിരുന്ന സംഭവത്തില്‍ ആലോചനകളില്ലാതെ നിലപാട് സ്വീകരിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്ക് തന്നെ നടപടി കാരണമായപ്പോള്‍ ബിജെപിയില്‍ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനുമെതിരെ വി മുരളീധരന്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നു.

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാണെന്നും സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് കക്ഷിനേതാക്കളെല്ലാം തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എംഎം ഹസന്‍, ഉമ്മന്‍ചാണ്ടി, കുമ്മനം രാജശേഖരന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെയെല്ലാം കത്തുകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു.

അതേസമയം, നിയമസഭയില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിയില്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരേണ്ടിയിരുന്ന പ്രതിഷേധം നേതാക്കളുടെ അനുചിതമായ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളില്‍ ഉയരുന്ന വികാരം. വരും ദിവസങ്ങളിലും ഇതേചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കും.

DONT MISS
Top