കോണ്‍ഗ്രസ് നിലപാട് തള്ളി എകെ ആന്റണി; മെഡിക്കല്‍ ബില്‍ പാസാക്കിയത് നിര്‍ഭാഗ്യകരം

എകെ  ആന്റണി

തിരുവന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളെജുകളിലെ 206-17 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രവേശനം ക്രമപ്പെടുത്താനായി നിയമസഭ പാസാക്കിയ ബില്ലിനെതിരേ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി എകെ ആന്റണി. ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യമാണ്. നിയമസഭിൽ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

ബില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെയാണ് പാസാക്കിയത്. ഇതിനെതിരേ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതിനിടെയാണ് മുതിര്‍ന്ന നേതാവായ ആന്റണി തന്നെ സര്‍ക്കാര്‍ നിലപാടിനെയും ഇതിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് രംഗത്തുവന്നത്.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയത്. പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ മെരിറ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാമെന്ന സ്വാശ്രയമെഡിക്കല്‍ കോളെജ് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിലായിരുന്നു സംസ്ഥാനത്ത് സ്വാശ്രയമെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിച്ചത്. രണ്ട് സ്വാശ്രയ കോളെജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളെജ് എന്നായിരുന്നു ആന്റണി അന്ന് പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പിന്‍മാറിയതോടെയാണ് സംസ്ഥാനത്ത് സ്വാശ്രയപ്രവേശനവിഷയം ആരംഭിച്ചത്.

പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയ ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളതെന്ന് ആന്റണി പറഞ്ഞു. പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങളായിരുന്നു സർക്കാർ തേടേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.

മാനേജുമെന്‍റുകളുടെ കള്ളക്കളിക്ക് അറുതിവരുത്താനാണ് നടപടി വേണ്ടത്. അതിനു വേണ്ടി ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. മെഡിക്കൽ ബില്ല് സുപ്രീംകോടതി സ്റ്റേ ചെയ്തത് ഭാഗ്യംകൊണ്ടു മാത്രമാണെന്നും ആന്റണി പറഞ്ഞു.

DONT MISS
Top