മെഡിക്കല്‍ ബില്ലിന് പിന്തുണ: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു, ബിജെപിയിലും അടി

തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സര്‍ക്കാരിനെതിരെയുള്ള മുഖ്യപ്രചരണവിഷയം ആകേണ്ടിയിരുന്ന സംഭവത്തില്‍ ആലോചനകളില്ലാതെ നിലപാട് സ്വീകരിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്ക് തന്നെ നടപടി കാരണമായപ്പോള്‍ ബിജെപിയില്‍ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനുമെതിരെ വി മുരളീധരന്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നു.

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാണെന്നും സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് കക്ഷിനേതാക്കളെല്ലാം തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എംഎം ഹസന്‍, ഉമ്മന്‍ചാണ്ടി, കുമ്മനം രാജശേഖരന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെയെല്ലാം കത്തുകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. നിയമസഭയില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിയില്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

വിടി ബല്‍റാം

ബില്ല് നിയമസഭയില്‍ അവതരിപ്പിക്കവേ ക്രമപ്രശ്‌നം ഉന്നയിച്ച് എതിര്‍പ്പറിയിച്ച വിടി ബല്‍റാം വീണ്ടും പ്രതിപക്ഷ നിലപാടിനെ തള്ളി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതി. പ്രതിപക്ഷനടപടി പരിഹാസ്യവും വഞ്ചനാപരവുമാണെന്ന് തുറന്നടിച്ച് വിഎം സുധീരന്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ പോര്‍മുഖം തുറന്നിട്ടു. സുധീരനെ പിന്തുണച്ച് ബെന്നി ബെഹനാന്‍, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു തുടങ്ങിയ സംഘടനകളുടെ നേതാക്കളും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകള്‍ മറനീക്കി.

എന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ബിജെപിയിലും വിഷയം അഭിപ്രായഭിന്നതകള്‍ക്കും വാക്‌പോരിനും കാരണമായി. സംസ്ഥാനത്ത് ഇരുമുന്നണികളും നടത്തുന്നത് ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണെന്ന ബിജെപിയുടെ ആരോപണത്തിന് സാധൂകരണമുണ്ടായ വിഷയം ഇല്ലാതാക്കിയെന്ന ആരോപണവുമായി വി മുരളീധരന്‍ എംപിയാണ് രംഗത്ത് വന്നത്. കുമ്മനം മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചതിലും മുരളീധരന് പ്രതിഷേധമുണ്ട്. മുരളീധരന്റേത് തെറ്റിദ്ധാരണയാണെന്നും ബില്ല് പരിഗണിച്ച സമയം താന്‍ സഭയില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരിച്ച് ഒ രാജഗോപാല്‍ രംഗത്ത് വന്നു.

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരേണ്ടിയിരുന്ന പ്രതിഷേധം നേതാക്കളുടെ അനുചിതമായ ഇടപെടലിലൂടെ ഇല്ലാതാക്കിയെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളില്‍ ഉയരുന്ന വികാരം. വരും ദിവസങ്ങളിലും ഇതേചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top