മെഡിക്കല്‍ ഒാര്‍ഡിനന്‍സ്; വിധി ദൗര്‍ഭാഗ്യകരം, ചിലരിപ്പോള്‍ സ്വരം മാറ്റുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും കടകംപള്ളി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച ആശങ്കയിലായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും പിന്തുണ ലഭിച്ചതാണ് എന്നാല്‍ ഇപ്പോള്‍ ചിലര്‍ സ്വരം മാറ്റുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം സുപ്രിം കോടതി വിധി പ്രതികൂലമായെങ്കിലും മെഡിക്കല്‍ ബില്ലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.  ബില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. ബില്ലില്‍ ഗവര്‍ണര്‍ എന്ത് നടപടി കൈക്കൊള്ളും എന്നത് നിര്‍ണായകമാണ്.  കോടതി വിധിയിലെ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പോട് കൂടിയാകും ആരോഗ്യവകുപ്പ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറുക.

ഗവര്‍ണര്‍ക്ക് ബില്‍ ഒന്നുകില്‍ ഒപ്പിടുകയോ അല്ലെങ്കില്‍ തിരിച്ചയ്ക്കുകയോ ചെയ്യാം. തിരിച്ചയച്ചാലും നിയമസഭയ്ക്ക് പ്രത്യേക അധികാരം ഉപയോഗിച്ച് വീണ്ടും അയക്കാം. അങ്ങനെ വന്നാല്‍ ബില്ലില്‍ ഒപ്പിടുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റുവഴിയില്ല. മാത്രമല്ല  സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

DONT MISS
Top