കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്: സല്‍മാന്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷയില്‍ വിധി നാളെ

ഫയല്‍ചിത്രം

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി നാളെ പ്രസ്താവിക്കും. ജാമ്യാപേക്ഷ പരിഗണിച്ച ജോധ്പൂര്‍ സെഷന്‍സ് കോടതി വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി. ഇതോടെ വെള്ളിയാഴ്ച രാത്രിയും താരം ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വരും.

കേസുമായി ബന്ധപ്പെട്ട് നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 51 പേജുള്ള ജാമ്യാപേക്ഷയാണ് സല്‍മാന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സല്‍മാനെതിരെ മൊഴി നല്‍കിയ ദൃക്‌സാക്ഷി പൂനംചന്ദ് ബിഷ്‌ണോയിയുടെ മൊഴിയില്‍ സംശയങ്ങളുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സല്‍മാന്റെ സഹോദരിമാരായ അല്‍വീര, അര്‍പിത, സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹെയ്ല്‍ ഖാന്‍ എന്നിവരും വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു.

അതേസമയം സല്‍മാന് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയില്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകന്‍ മഹേഷ് ബോറ മാധ്യമങ്ങളോട് പ്രതികരിച്ചു. ജോധ്പൂര്‍ കോടതി സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.


കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ സെയ്ഫലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

‘ഹം സാത്ത് സാത്ത് ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമത്തിലെ 51 , ഇന്ത്യന്‍ ശിക്ഷ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28 നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top