കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണം: സുപ്രിം കോടതി, സര്‍ക്കാരിന് കനത്ത തിരിച്ചടി

സുപ്രിംകോടതി (ഫയല്‍)

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും വന്‍തിരിച്ചടി. രണ്ട് കോളെജുകളിലും 2016-17 കാലയളിവില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ 150 ഉം പാലക്കാട് കരുണ മെഡിക്കല്‍ കോളെജിലെ 30 ഉം വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുത നല്‍കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മെഡിക്കല്‍ ഓര്‍ഡിനന്‍സ് കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യ ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി യിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.

അതേസമയം, പ്രവേശനം സാധൂവാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള മെഡിക്കല്‍ ബില്‍ കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയിരുന്നു. സഭ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണറുടെ പരിഗണനയിലാണെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ ഓര്‍ഡിനന്‍സ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇരുകോളെജുകളിലെയും പ്രവേശനം കോടതി റദ്ദാക്കിയതാണ്. ആ വിധി നിലനില്‍ക്കെ എങ്ങനെയാണ് അഡ്മിഷന്‍ കമ്മറ്റിക്ക് ഇതിന്‍മേല്‍ തീരുമാനം എടുക്കാനാകുമെന്ന് കോടതി ആരാഞ്ഞു.

രണ്ട് കോളെജുകളിലും 2016-17 കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ യാതൊരു വിധ ആനുകൂല്യവും അര്‍ഹിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കുന്ന സര്‍ക്കാരിന്റെ മെഡിക്കല്‍ ബില്‍ നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top