കാവേരി പ്രശ്‌നം: തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ് ആരംഭിച്ചു

കനത്ത സുരക്ഷ ഒരുക്കി പൊലീസ്

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐഎം, തുടങ്ങി എട്ടോളം പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കടകള്‍ എല്ലാം തന്നെ അടഞ്ഞ് കിടക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ ഇറങ്ങി പ്രതിഷേധം സംഷടിപ്പിച്ചു. തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാവേരി ബോര്‍ഡ് മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ബന്ദ് നടത്തുന്നത്.

ഹര്‍ത്താലില്‍ പങ്കുചേരാനായി എഐഎഡിഎംകെയോടും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡിഎംകെ യോഗത്തില്‍ ധാരണയായിരുന്നു.

മാര്‍ച്ച് 29 നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. കാവേരി വിഷയത്തില്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മാനേജ്‌മെന്റ് രൂപീകരണം കേന്ദ്രം മനപ്പൂര്‍വ്വം നീട്ടുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

DONT MISS
Top