കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ്; മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ഫയല്‍ചിത്രം

ദില്ലി: കരുണ, കണ്ണൂർ മെഡിക്കൽ കോളെജുകളിലെ വിദ്യാർത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് എതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരുൺ മിശ്ര , യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഓർഡിനൻസിന് പകരം ഇന്നലെ ബില്ല് പാസ്സാക്കിയതിനെ തുടർന്ന് മെഡിക്കൽ കൗൺസിലിൽ നൽകിയ ഹർജി സാങ്കേതികമായി അപ്രസക്തം ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻ ഹർജി ഭേദഗതി ചെയ്യുന്ന കാര്യം ഇന്ന് മെഡിക്കൽ കൗൺസിൽ സുപ്രിം കോടതിയെ അറിയിച്ചേക്കും. അതേസമയം സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തത് ആണെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

മെഡിക്കൽ കൊളെജുകൾക്ക് പ്രത്യക്ഷത്തിൽ സാധിക്കാത്തത് പരോക്ഷമായി ചെയ്തു കൊടുക്കാൻ ആണ് സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയത് എന്നും മറ്റ് സംസ്ഥാനങ്ങളും ഈ പാത പിന്തുടർന്നാൽ രാജ്യത്ത് നിയമവിരുദ്ധമായി നേടിയ എല്ലാ മെഡിക്കൽ പ്രവേശനവും അനുവദിച്ചു കൊടുക്കേണ്ടി വരുമെന്നും കൗൺസിൽ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഓർഡിനൻസ് സ്റ്റേ ചെയ്യും എന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ഇന്ന് സുപ്രിം കോടതിയിൽ ഹാജരാകുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top