അഞ്ച് സന്യാസിമാര്‍ക്ക് സഹമന്ത്രിസ്ഥാനം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍; പ്രതിഷേധവുമായി പ്രതിപക്ഷം

കംപ്യൂട്ടര്‍ ബാബയ്‌ക്കൊപ്പം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഭോപാല്‍: അഞ്ച് ഹൈന്ദവ സന്യാസിമാര്‍ക്ക് സഹമന്ത്രിസ്ഥാനം നല്‍കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി സര്‍ക്കാരിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നര്‍മ്മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, കംപ്യൂട്ടര്‍ ബാബ എന്ന സ്വാമി നാംദേവ് ത്യാഗി, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയത്.

അഞ്ചു മതനേതാക്കളെയും നര്‍മദ നദി കമ്മിറ്റി അംഗങ്ങളായി നിയമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നര്‍മദ നദി കമ്മിറ്റി അംഗങ്ങള്‍ക്ക് സഹമന്ത്രിയുടെ റാങ്കാണുള്ളത്. ഇതോടെയാണ് അഞ്ചുപേരും സഹമന്ത്രിസ്ഥാനത്തെത്തിയത്. ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപവത്കരിച്ചതാണ് പ്രത്യേക കമ്മിറ്റി.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇന്നലെയാണ് പ്രാബല്യത്തിലായത്. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.

എന്നാല്‍ ചൗഹാന്‍ സര്‍ക്കാരിന്റെ വര്‍ഗിയ പ്രീണന തന്ത്രമാണ് സഹമന്ത്രിസ്ഥാനം നല്‍കിയതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മതനേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ വളഞ്ഞവഴി സ്വീകരിക്കുകയായിരുന്നുവെന്നും ഇവര്‍ക്ക് മന്ത്രിപദവി നല്‍കി സമുദായപ്രീണനം നടത്തുകയാണ് സര്‍ക്കാരെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഈ വര്‍ഷം അവസാനമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

DONT MISS
Top