എഐഎഡിഎംകെയുടെ നിരാഹാര സമരത്തില്‍ വിളമ്പിയത് ബിരിയാണിയും മദ്യവും; ചിത്രങ്ങള്‍ വിവാദമാകുന്നു

പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്നു

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാര സമരത്തിനിടെ വിളമ്പിയത് മദ്യവും ബിരിയാണിയും. വെല്ലൂര്‍, കോയമ്പത്തൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു നിരാഹാര സമരം നടത്തിയത്. എന്നാല്‍ നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണിയും മദ്യവും കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിമുതല്‍ അഞ്ച് മണിവരെയായിരുന്നു നിരാഹാര സമരം. മന്ത്രിമാരും എഐഎഡിഎംകെയുടെ ഉന്നത നേതാക്കളും എല്ലാം തന്നെ നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സമരത്തിനിടെ നടന്ന സംഭവ വികാസങ്ങളുടെ ചിത്രം പുറത്തു വന്നതോടെ കാവേരി ബോര്‍ഡ് രൂപീകരിക്കാനാവശ്യപ്പെട്ട് എഐഎഡിഎംകെ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്നതാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

പാര്‍ട്ടിയുടെ ലോഗോയുള്ള വസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകളില്‍ ബിരിയാണി കഴിക്കുന്നതിന്റെയും മദ്യം കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുറച്ചുപേര്‍ ഭക്ഷണം നിന്ന് കഴിക്കുന്നതായും കുറച്ചുപേര്‍ തറയില്‍ ഇരുന്നു കഴിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

ജില്ലാകേന്ദ്രങ്ങളില്‍ എഐഎഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് നിരാഹാര സത്യാഗ്രഹം നടന്നത്. ചെപ്പോക്കില്‍ നടന്ന നിരാഹാരസമരത്തിന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് നേതൃത്വം നല്‍കിയത്. മാര്‍ച്ച് 29 നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ്  തമിഴ്‌നാടിന്റെ ആരോപണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top