തോക്കേന്തിയ കൊലയാളിയ്ക്ക് അകമ്പടിയായി ജയ് ശ്രീറാം വിളികള്‍ കേള്‍ക്കാം; സുപ്രിംകോടതി കണ്ണുതുറന്ന് കാണേണ്ട യാഥാര്‍ത്ഥ്യമാണിതെന്ന് തോമസ് ഐസക്

തോമസ് ഐസക്

കൊച്ചി: പട്ടാപ്പകല്‍ തുറന്നു വെച്ച ചാനല്‍ കാമറകള്‍ക്ക് മുന്നില്‍വെച്ച് മനുഷ്യനെ വെടിവെച്ചു കൊന്നിട്ടും നിയമം സ്തംഭിച്ചു നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണണ് ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ പരമോന്നത നീതിപീഠം തന്നെ മുന്നിട്ടിറങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രക്ഷോഭം നടത്തിയ ദലിതര്‍ക്കെതിരെ പൊലീസിനൊപ്പം വെടിവെയ്ക്കാന്‍ തോക്കുമായിറങ്ങിയത് ബിജെപി നേതാവ് രാജ് സിംഗ് ചൗഹാനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഒരു ബിജെപി നേതാവും ഇയാളെ തള്ളിപ്പറഞ്ഞില്ലെന്നും, സുപ്രിംകോടതി കണ്ണു തുറന്നു കാണേണ്ട യാഥാര്‍ത്ഥ്യമാണിതെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പ്രക്ഷോഭം നടത്തിയ ദലിതര്‍ക്കെതിരെ പൊലീസിനൊപ്പം വെടിവെയ്ക്കാന്‍ തോക്കുമായിറങ്ങിയത് ബിജെപി നേതാവ് രാജ് സിംഗ് ചൗഹാനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ ഏറ്റവും കുറഞ്ഞത് മൂന്നു ദലിതര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതേവരെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല. നിയമം കൈയിലെടുത്ത് ദളിതരെ കൊന്നു തള്ളിയ ഇയാളെ ഒരു ബിജെപി നേതാവും തള്ളിപ്പറഞ്ഞില്ല. സുപ്രിംകോടതി കണ്ണു തുറന്നു കാണേണ്ട യാഥാര്‍ത്ഥ്യമാണിത്. തോക്കേന്തിയ കൊലയാളിയ്ക്ക് അകമ്പടിയായി ജയ് ശ്രീറാം വിളികളും കേള്‍ക്കാം.

ദളിതരെ കൊന്നാലും തല്ലിയാലും ശാരീരികമായും മാനസികമായും മറ്റു പീഡനങ്ങളേല്‍പ്പിച്ചാലും നിയമം നോക്കുകുത്തിയാകുന്നു. രാജ് സിംഗ് ചൌഹാനെപ്പോലുള്ള സവര്‍ണഗുണ്ടകളാണ് നിയമവ്യവസ്ഥയുടെ ഗുണഭോക്താക്കളാകുന്നത്. പട്ടാപ്പകല്‍ തുറന്നു വെച്ച ചാനല്‍ കാമറകള്‍ക്കു മുന്നില്‍വെച്ച് മനുഷ്യനെ വെടിവെച്ചു കൊന്നിട്ടും നിയമം സ്തംഭിച്ചു നില്‍ക്കുന്നു. അതാണ് യാഥാര്‍ത്ഥ്യം. അപ്പോഴാണ് ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ പരമോന്നത നീതിപീഠം തന്നെ മുന്നിട്ടിറങ്ങുന്നത്. ഈ വിവേചനത്തിനെതിരെയാണ് സമരം.

സുപ്രിംകോടതിയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നാല്‍ തങ്ങള്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പുമായി മറാത്താ ക്രാന്തി മോര്‍ച്ച രംഗത്തു വന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കും അവര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഉത്തരേന്ത്യയിലെ കുപ്രസിദ്ധമായ ദലിത് പീഡനങ്ങളില്‍ പലപ്പോഴും എഫ്‌ഐആറുകള്‍ പോലും രജിസ്റ്റര്‍ ചെയ്യാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എഫ്‌ഐആര്‍ എടുക്കുക എന്നത് വളരെ ലളിതമായ കാര്യമാണെന്ന മട്ടിലാണ് സുപ്രിംകോടതിയടക്കം നിലപാട് സ്വീകരിക്കുന്നത്. അതല്ല യാഥാര്‍ത്ഥ്യമെന്നു തെളിയിക്കുന്ന ഒട്ടേറെ കേസുകള്‍ പരമോന്നത കോടതിയില്‍ത്തന്നെയുണ്ട്.

ഉത്തരേന്ത്യയില്‍ നടക്കുന്ന ദലിത് പ്രക്ഷോഭം മനുഷ്യാന്തസിന് വേണ്ടിയുള്ള സമരമാണ്. നിയമത്തിലെങ്കിലും വ്യവസ്ഥ ചെയ്തിട്ടുള്ള പ്രതിവിധികളില്‍പ്പോലും വെള്ളം ചേര്‍ക്കുന്നതിനെതിരെയാണ് സമരം. ആ സമരത്തിനെതിരെയാണ് രാജ് സിംഗ് ചൗഹാനെപ്പോലുള്ളവര്‍ തോക്കുമായിറങ്ങുന്നത്. ആ തോക്കേന്തുന്നത് മനുസ്മൃതിയുടെ രാഷ്ട്രീയമാണ്. മറ്റാര്‍ക്കും അതു മനസിലാവില്ലെന്നാണ് സംഘപരിവാറുകാര്‍ ധരിച്ചുവെച്ചിരിക്കുന്നത്, ഐസക് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top