പകരത്തിന് പകരം; അമേരിക്കന്‍ പന്നിയിറച്ചിക്കും വൈനിനും വന്‍തോതില്‍ നികുതി കൂട്ടി ചൈന

പ്രതീകാത്മക ചിത്രം

ബീജിങ്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നികുതി വര്‍ദ്ധിപ്പിച്ചതിന് ചൈനയുടെ തിരിച്ചടി. പന്നിയിറച്ചിയും വൈനും ഉള്‍പ്പെടെ 123 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പന്നിയിറച്ചിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈന ആയതിനാല്‍ ഈ നടപടി അമേരിക്കന്‍ വിപണിക്ക് വലിയ തിരിച്ചടി ആയേക്കാമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ നടപടിയെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടു. നികുതി വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന ആശങ്കയില്‍ യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കൂപ്പുകുത്തി.

അമേരിക്കന്‍ വ്യവസായ മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ മാസമാണ് ഡോണള്‍ഡ് ട്രംപ്, സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി എന്ന നിലയിലാണ് ചൈനയുടെ പുതിയ തീരുമാനം.

ചൈനയുടെ തീരുമാനം അമേരിക്കയ്ക്ക് വര്‍ഷം 300 കോടി യുഎസ് ഡോളറിന്റെ അധിക ബാധ്യത ഉണ്ടാക്കും. ഇതേ തുടര്‍ന്ന് ചൈനയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. അന്താരാഷ്ട്ര വ്യാപാരത്തെ ചൈന തകര്‍ക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. മാന്യമായി കച്ചവടം ചെയ്യുന്നവരെ തകര്‍ക്കാതെ കച്ചവടത്തില്‍ മാന്യമായ രീതി സ്വീകരിക്കുകയാണ് ചൈന ചെയ്യേണ്ടതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

DONT MISS
Top