കായികമേഖലയില്‍ കേരളത്തിന്റെ വസന്തകാലം തിരിച്ചെത്തി; സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് നിയമസഭയിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പതിനാലു വര്‍ഷത്തെ ഇടവേളക്കുശേഷം 72-ാമത്  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരളാ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം അംഗങ്ങളെയും പരിശീലകരേയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും ഈ സഭയുടെ ഒന്നാകെയുള്ള അഭിനന്ദനം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളമൊന്നാകെ ഒറ്റമനസ്സായി ഈ വിജയം നെഞ്ചേറ്റുകയും ഇതിന്റെ ആഹ്ലാദത്തില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. ഒറ്റമത്സരം പോലും തോല്‍ക്കാതെയാണ് കേരളം കിരീടം സ്വന്തമാക്കിയത് എന്നത് ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു. ചിട്ടയായ പരിശീലനം, കളിക്കളത്തിലെ കൂട്ടായ്മ, ആത്മവിശ്വാസം, കൃത്യമായ ആസൂത്രണം, പിഴവില്ലാത്ത പ്രതിരോധം, എന്നിവയാണ്  ചരിത്രപരമായ ഈ നേട്ടത്തിന് നിദാനമായത്.

ആറാം തവണയാണ് സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നത്. യുവത്വത്തിന്റെ കരുത്തിലാണ് കേരളം ഈ നേട്ടം സ്വന്തമാക്കി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന് മികച്ച താരങ്ങളെ സംഭാവന ചെയ്ത മണ്ണാണ് കേരളത്തിന്റേത്. ദേശീയതലത്തിലേക്ക് ഈ സംഘവും  വളര്‍ന്നു വരും എന്ന് ഉറപ്പാണ്. ഇതിനുള്ള എല്ലാ സഹായവും പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ 6ന് സംസ്ഥാനത്ത് വിജയദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ടീമിനെ ആദരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

ഫുട്‌ബോളിന് ഒപ്പം വോളിബോളിലും വലിയ നേട്ടങ്ങള്‍ കേരളം കൊയ്‌തെടുത്ത വര്‍ഷമാണിത്. കോഴിക്കോട് നടന്ന ദേശീയ സീനിയര്‍ വോളീബോളില്‍ പുരുഷവിഭാഗത്തില്‍ കേരളം ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. വനിതാവിഭാഗത്തില്‍ റണ്ണറപ്പായതും നമ്മുടെ ടീമാണ്. ഫെഡറേഷന്‍ കപ്പിലും കേരളം ആധിപത്യം നിലനിര്‍ത്തി. കായികമേഖലയില്‍ കേരളത്തിന്റെ വസന്തകാലം തിരിച്ചെത്തി എന്നതിന്റെ വിളംബരമാണ് ഈ വിജയങ്ങള്‍. കായികമേഖലയിലെ പോയകാല പ്രതാപം വീണ്ടെടുക്കാന്‍ നമ്മുടെ കായികപ്രതിഭകള്‍ക്ക് സാധ്യമായിരിക്കുന്നു.

ചെറുപ്പത്തില്‍ത്തന്നെ കായികതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്നതാണ് സര്‍ക്കാറിന്റെ കായികനയമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കളിക്കളങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കും. അവ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും. കളിക്കാരുടെ ഭൗതിക ജിവീതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. കായികമേഖലയെ കുതിപ്പിലേക്ക് നയിക്കാന്‍ ഈ നേട്ടങ്ങള്‍ നമുക്ക് ഊര്‍ജ്ജമേകും.

ഷൂട്ടൗട്ടോളം നീണ്ട ഫൈനിലിനൊടുവില്‍ ബംഗാളിന്റെ കരുത്തുറ്റ ആക്രമണനിരയെ ഭേദിച്ച് സന്തോഷ്‌ട്രോഫി കേരളം സ്വന്തമാക്കിയ നിമിഷത്തിന് ക്യാപ്റ്റന്‍ രാഹുല്‍ വി രാജിനെയും നമ്മുടെ അഭിമാനമായ ഗോള്‍ കീപ്പര്‍ മിഥുനെയും, പരിശീലകനായ സതീവന്‍ ബാലനെയും ഒറ്റമനസ്സായി കളക്കളത്തിലിറങ്ങിയ ടീമംഗങ്ങളെ ആകെയും കേരളത്തിന്റെ സ്‌നേഹാദരങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ വിജയം ഫുട്‌ബോള്‍ രംഗത്തെ നമ്മുടെ നഷ്ടപ്രതാപം വീണ്ടെടുക്കലും പുതിയ നേട്ടങ്ങളിലേക്കുള്ള കുതിച്ചുചാട്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top