ചികിത്സ ലഭിക്കാതെ യാത്രക്കാരന്‍ മരിച്ച സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവമുണ്ടായ ചെന്താര എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ പൊലീസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി എടുത്തിരുന്നു. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് യാത്രക്കാരന്‍ മരിക്കാനിടയായതെന്ന് പൊലീസ് കണ്ടെത്തി.

ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞുകൊണ്ടാണ് ബസ് ജീവനക്കാര്‍ വയനാട് സ്വദേശി ലക്ഷ്മണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മടിച്ചത്. തളര്‍ന്നുവീണ ലക്ഷ്മണനെയും കൊണ്ട് അരമണിക്കൂറോളം ബസ് യാത്ര തുടരുകയായിരുന്നു.

എറണാകുളം സൗത്തില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകാനാണ് ലക്ഷ്മണന്‍  ബസില്‍ കയറിയത്. ബസ് ഷേണായീസ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെടുകയും അപസ്മാരം ഉണ്ടാവുകയുമായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാര്‍ തയ്യാറായില്ല.

പിന്നീട് യാത്രക്കാര്‍ ബഹളം വെച്ചതോടെ ഇടപ്പള്ളി പള്ളിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഈ സമയമത്രയും ലക്ഷ്മണന്‍ സീറ്റില്‍ തളര്‍ന്ന് വീണ് കിടക്കുകയായിരുന്നു. ഇടപ്പള്ളിയില്‍ നിന്ന് ലക്ഷ്മണനെ സഹയാത്രികര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

DONT MISS
Top